പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴിനാരംഭിച്ച് വൈകുന്നേരം ആറിന് അവസാനിക്കും. വോട്ടെണ്ണൽ നാളെ രാവിലെ 10 നു തുടങ്ങും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാർഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്നു മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്നീ ക്രമത്തിൽ പത്തനംതിട്ട-കലഞ്ഞൂർ-പല്ലൂർ, ആലപ്പുഴ-മുട്ടാർ-നാലുതോട്, കോട്ടയം- എലിക്കുളം-ഇളങ്ങുളം, എറണാകുളം ജില്ലയിലെ വേങ്ങൂർ-ചൂരത്തോട്, വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്, മാറാടി- നോർത്ത് മാറാടി, മലപ്പുറം ജില്ലയിലെ ചെറുകാവ്- ചേവായൂർ, വണ്ടൂർ-മുടപ്പിലാശേരി , തലക്കാട്-പാറശേരി വെസ്റ്റ്, കോഴിക്കോട്-വളയം-കല്ലുനിര, കണ്ണൂർ-ആറളം-വീർപ്പാട് എന്നീ ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ്, തിരുവനന്തപുരം-നെടുമങ്ങാട്- പതിനാറാംകല്ല്, എറണാകുളം-പിറവം-കരക്കോട്, വയനാട്-സുൽത്താൻ ബത്തേരി-പഴേരി എന്നീ മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.