27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി മാതൃ-ശിശു വാര്‍ഡ് അഞ്ചുമാസം പിന്നിട്ടിട്ടും അടഞ്ഞുതന്നെ
Iritty

ഇരിട്ടി മാതൃ-ശിശു വാര്‍ഡ് അഞ്ചുമാസം പിന്നിട്ടിട്ടും അടഞ്ഞുതന്നെ

ഇരിട്ടി: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെട്ട ഇരിട്ടി താലൂക്ക് ആശുപത്രി ലക്ഷ്യ മാതൃ-ശിശു ബ്ലോക്ക് അഞ്ചുമാസം പിന്നിട്ടിട്ടും അടഞ്ഞുതന്നെ. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ലേബര്‍ റൂം ആന്റ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റിവ് (ലക്ഷ്യ) പദ്ധതിയുടെ ഭാഗമായി മൂന്നുകോടി 19 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസം മുന്‍പ് തിരക്കുപിടിച്ചാണ് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രണ്ടു വര്‍ഷം മുന്‍പ് ഇതേ കെട്ടിടത്തിന്റെ അടിവശത്ത് കോടികള്‍ മുടക്കി മാതൃ ശിശു വാര്‍ഡ് പണിയുകയും 2019ല്‍ ഇതേ മന്ത്രി തന്നെ അന്ന് ഇതിന്റെ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഗൈനക്കോളജിസ്റ്റുകളെ നിയമിക്കുമെന്നും പ്രസവവും അനുബന്ധ ചികിത്സകളുമടക്കം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ചികിത്സകള്‍ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ ഈ വാക്കുകള്‍ പാഴ് വാക്കാവുന്നതാണ് പിന്നീട് കണ്ടത്. മാതൃ ശിശു വാര്‍ഡെന്നും പ്രസവ ശുശ്രൂഷാ വാര്‍ഡെന്നും വലിയ അക്ഷരത്തില്‍ കെട്ടിടത്തില്‍ എഴുതി വച്ചതല്ലാതെ ഒന്നും നടന്നില്ല. പിന്നീട് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രസവ വാര്‍ഡും മാതൃ ശിശു വാര്‍ഡും ആശുപത്രിയുടെ ഒ.പി വാര്‍ഡും, ഫാര്‍മസിയും, ഡയാലിസിസ് സെന്ററും മറ്റുമായി മാറുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് നിയമിച്ച ഗൈനക്കോളജിസ്റ്റുകളെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മറ്റും സ്ഥലം മാറ്റുകയും ചെയ്തു. ഇതിനു ശേഷമാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടുപയോഗിച്ച് മുന്‍പ് മാതൃ ശിശു വാര്‍ഡ് പണിത അതേ കെട്ടിടത്തിന്റെ മുകളില്‍ പുതുതായി മാതൃ ശിശു ബ്ലോക്ക് പണിയുന്നതായി അറിയുന്നത്. മുന്‍പത്തെ അനുഭവം വച്ച് പലരും അന്ന് പറഞ്ഞത് തന്നെ വീണ്ടും സംഭവിച്ചു. കോടികള്‍ ചിലവിട്ട് പണിത ബ്ലോക്ക് മുന്‍പ് താഴത്തെ നിലയില്‍ മാതൃ ശിശു വാര്‍ഡെന്ന് പേരിട്ട് ഉദ്ഘാടനം ചെയ്ത അതേ മന്ത്രി തന്നെ എത്തി ഉദ്ഘാടനം ചെയ്തു. വാഗ്ദാനം പഴയതു തന്നെ. ഒരാഴ്ചക്കുള്ളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും സ്റ്റാഫുകളെയും നിയമിക്കും. ഇനിയാരും മലയോര മേഖലകളില്‍ നിന്നും പ്രസവത്തിനും ശേഷമുള്ള ചികിത്സകള്‍ക്കുമായി എങ്ങും പോകേണ്ടിവരില്ല എന്ന ഉറപ്പും നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പും ൃഅഞ്ചുമാസവും കഴിഞ്ഞു എന്നല്ലാതെ ഒന്നും നടന്നില്ല. ആറളം പുനരധിവാസ മേഖലയിലെ ഉള്‍പ്പെടെ വിശാലമായ മലയോര മേഖലയിലെ ആദിവാസികള്‍ അടക്കമുള്ള ഗര്‍ഭിണികള്‍ ചികിത്സയും സുഖപ്രസവത്തിനുമായി സ്വകാര്യ ആശുപത്രികളെയും അല്ലെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി സര്‍ക്കാര്‍ ആശുപത്രികളെയും തേടി പോകേണ്ടിവരുന്ന ദുരവസ്ഥ തന്നെ ഇന്നും തുടരുന്നു. ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയാക്കിയ പ്രസവമുറി, ഓപ്പറേഷന്‍ മുറി, തീവ്ര പരിചരണ യൂണിറ്റ്, നവജാത ശിശു ഐ.സി.യു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വാര്‍ഡുകള്‍, ഇതിലെ ഉപകരണങ്ങള്‍ എന്നിവയെല്ലാം നാശത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍. 1958ല്‍ റൂറല്‍ ഡിസ്‌പെന്‍സറിയായി ആരംഭിക്കുകയും പിന്നീട് പി.എച്ച്.സിയും, സി.എച്ച്.സിയും മറ്റുമായി ഉയര്‍ത്തിക്കൊണ്ടുവന്ന മൂന്ന് പതിറ്റാണ്ടോളം കാലം ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുകയും അനുബന്ധ ചികിത്സകള്‍ നടത്തുകയും ചെയ്ത ഒരു ആതുര ശുശ്രൂഷാലയമായിരുന്നു ഇരിട്ടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍. യാതൊരു സൗകര്യവുമില്ലാതിരുന്ന അക്കാലത്ത് ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമായിരുന്നു ഇവിടെ സേവനം നടത്തിവന്നിരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലാപ്രോസ്‌കോപ്പിക്ക് വന്ധ്യകരണ ശസ്ത്രക്രിയകള്‍ നടക്കുകയും അതിന് അംഗീകാരമടക്കം നേടുകയും ചെയ്ത പ്രൈമറി ഹെല്‍ത്ത് സെന്ററായിരുന്നു ഇരിട്ടിയിലേത്. ഇക്കാലങ്ങളിലെല്ലാം ഇരിട്ടി നേരംപോക്ക് റോഡില്‍ വലിയകേശവന്‍ വാഴുന്നവര്‍ സംഭാവന നല്‍കിയ 45 സെന്റ് സ്ഥലത്തെ പരിമിതമായ സൗകര്യങ്ങളിലായിരുന്നു ഹോസ്പിറ്റല്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. പിന്നീട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും ഇവിടെ നിന്നും ഇരിട്ടി ഹൈസ്‌കൂള്‍ കുന്നില്‍ ഇതേ വലിയകേശവന്‍ വാഴുന്നവരുടെ കുടുംബം സംഭാവന നല്‍കിയ സ്ഥലത്തേക്ക് ആശുപത്രി മാറ്റുകയും ചെയ്തു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും താലൂക്ക് ആശുപത്രിയായി വളരുകയും കൂടുതല്‍ ഡോക്ടര്‍മാരും സൗകര്യവും ഉണ്ടാവുകയും ചെയ്തതോടെ സ്ത്രീകളേയും ഗര്‍ഭിണികളെയും അവഗണിക്കുന്ന അവസ്ഥയിലേക്ക് ആശുപത്രി മാറി. ഇവക്കൊപ്പം ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലും ജില്ലയിലെ വിവിധയിടങ്ങളിലും സ്വകാര്യ ആശുപത്രികളും സഹകരണ ആശുപത്രികളും കിളിര്‍ത്ത് വളരുകയും ചെയ്തു. സ്വകാര്യ ആശുപത്രികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ആശുപത്രികളെ കൊല്ലുന്ന അവസ്ഥയാണ് ഉണ്ടാകുന്നതെന്ന ജനാഭിപ്രായം സത്യമാണെന്നാണ് ഇവിടേയും പറയേണ്ടി വരിക. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി പണിത ഈ കെട്ടിടത്തില്‍ പക്ഷെ ആര് വിചാരിച്ചാലും മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. എന്തിനാണോ ഫണ്ട് നല്‍കിയത് ആ പദ്ധതിക്കു മാത്രമേ ഇവിടം ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. മാതൃ-ശിശു പരിചരണത്തിനല്ലാതെ മറ്റേതൊരാവശ്യത്തിനും ഇവിടം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ഡോക്ടര്‍മാര്‍, ജീവനക്കാര്‍ അടക്കമുള്ളവരെ നിയമിച്ച് മേഖലയിലെ ഏറ്റവും മികച്ച മാതൃ ശിശു പരിചരണ കേന്ദ്രമാക്കി ഇവിടെ മാറ്റുകയും വേണം….

Related posts

ഇരിട്ടി ജബ്ബാർക്കടവിൽ ബസ്സപകടം : നിരവധി പേർക്ക് പരിക്ക്

Aswathi Kottiyoor

കോവിഡ് അതിതീവ്ര വ്യാപനം -ഇരിട്ടി മേഖലയിൽ ആയിരത്തി എഴുന്നൂറ് കടന്ന് രോഗികൾ – നിയന്ത്രണങ്ങൾ ശക്തമാക്കി പോലീസ്

Aswathi Kottiyoor

റോഡു തകർച്ചയ്‌ക്കെതിരെ വാഴ നട്ടു പ്രതിഷേധിച്ചു

Aswathi Kottiyoor
WordPress Image Lightbox