കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനവിനിയോഗവും മേൽനോട്ടവും പൂർണ്ണമായും പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളം കരസ്ഥമാക്കിയെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് കിട്ടിയതായും അമൃത് പദ്ധതി വഴിയാണ് നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നത് പി എഫ് എം എസ് മുഖേനയാകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. രണ്ട് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളും ചിലവുകളുടെ ക്രോഡീകരിച്ച വിവരങ്ങളും വിവിധ തലങ്ങളിലുള്ള പദ്ധതി നിർവഹണ ഏജൻസികളുടെ ധനവിനിയോഗ വിവരങ്ങളും ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൈമാറുന്നതിനുള്ള സൗകര്യങ്ങളുമൊക്കെ ലഭ്യമാക്കുന്ന വെബ് പോർട്ടലാണ് പി എഫ് എം എസ് സംവിധാനം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിന്റെ നിയന്ത്രണത്തിലാണ് പി എഫ് എം എസ് പോർട്ടൽ. കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ച് ഒമ്പത് അമൃത് നഗരങ്ങളിലും പദ്ധതി ചെലവുകൾ പൂർണമായും പി എഫ് എം എസ് വഴിയാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
അമൃത് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന സ്റ്റേറ്റ് മിഷൻ മാനേജ്മെന്റ് യൂണിറ്റ് മുഖേനയാണ് സംസ്ഥാനം നേട്ടം കൈവരിച്ചത്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അമൃത് മിഷൻ ഡയറക്ടർ രേണുരാജിനെയും മറ്റ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.