അഴീക്കോട്: അഴീക്കൽ തുറമുഖം പ്രതീക്ഷയോടെ കാത്തിരുന്ന കപ്പൽ ഇന്ന് തീരമണിയും. കൊച്ചിയിൽനിന്ന് ബേപ്പൂർ വഴിയാണ് കപ്പലെത്തുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്നു രാവിലെ അഴീക്കലിൽ എത്തുന്ന തരത്തിലാണ് കപ്പൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
24ന് കൊച്ചിയിൽനിന്നു പുറപ്പെടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും കനത്ത മഴയും കോവിഡ് സാഹചര്യങ്ങളും കാരണം കപ്പലിന്റെ ഗുജറാത്തിൽനിന്ന് ഗോവ-കർണാടക തീരം വഴി കൊച്ചിയിലുള്ള യാത്ര വൈകുകയായിരുന്നു.
അഴീക്കലിൽനിന്നുള്ള ചരക്കുകളുമായി കപ്പൽ നാളെ കൊച്ചിയിലേക്ക് തിരിക്കും. ഈമാസം അഞ്ചിന് കൊച്ചിയിൽനിന്നു പുറപ്പെട്ട് ആറിന് ബേപ്പൂരിലും ഏഴിന് അഴീക്കലിലും എത്തുന്ന തരത്തിലായിരിക്കും രണ്ടാമത്തെ സർവീസെന്ന് ചരക്കുസേവന ദാതാക്കളായ റൗണ്ട് ദ പോസ്റ്റ് പ്രതിനിധി അറിയിച്ചു. ചരക്കുഗതാഗതം സുഗമമായാൽ മൂന്നു ദിവസത്തിലൊരിക്കൽ കപ്പൽ അഴീക്കലിൽ എത്തുന്ന തരത്തിൽ മാസത്തിൽ പത്തു സർവീസുകൾ നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ.