സംസ്ഥാനത്തെ പൊതുഗതാഗത രംഗത്തെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതിന് ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവീസ് ഇന്ന് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം എറണാകുളം, എറണാകുളം കോഴിക്കോട് റൂട്ടുകളിലാണ് ബസ് സർവീസ്. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 12ന് ആദ്യ സർവീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.
നഗരസഭാ കൗൺസിലർ സി.ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഢി, യൂണിയൻ നേതാക്കളായ വി. ശാന്തകുമാർ, ആർ. ശശിധരൻ, കെ.എൽ രാജേഷ്, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും. നിലവിലുള്ള 400 പഴയ ഡീസൽ ബസുകൾ എൽഎൻജിയിലേക്കു മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.
കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽഎൻജി ബസുകൾ മൂന്നു മാസത്തേക്ക് കെഎസ്ആർടിസിക്ക് വിട്ടുനൽകിയിട്ടുണ്ട് .
ഈ മൂന്നു മാസം ഈ ബസുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാപഠനം നടത്തും. കൂടാതെ ഡ്രൈവർ, മെയിന്റനൻസ് വിഭാഗം എന്നിവരുടെ അഭിപ്രായങ്ങളും ശേഖരിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.