കണ്ണൂര്‍: നാളെ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ കണ്ണൂര്‍, തളിപ്പറമ്പ പോസ്റ്റ് ഓഫീസുകളില്‍ സ്പെഷല്‍ കാന്സലേഷന് സൗകര്യം ഉണ്ടായിരിക്കും. യോഗ ദിനത്തില്‍ പോസ്റ്റ് ചെയ്യുന്ന കത്തുകളിലെ തപാല്‍ സ്റ്റാമ്പുകളില്‍ മുദ്ര പതിപ്പിക്കുന്നത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന പ്രത്യേക മുദ്രകള്‍ ഉപയോഗിച്ച് കൊണ്ടായിരിക്കും എന്നതാണ് ഇതിന്റെ സവിശേഷത. ഇത്തരം സ്പെഷല്‍ കാന്സലേഷന് വളരെയധികം ഫിലാറ്റലിക് മൂല്യം ഉണ്ട്. കണ്ണൂര്‍, തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ ഒരുക്കിയ സ്പെഷല്‍ കാന്സലേഷന് സൗകര്യം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.