25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഇക്കൊല്ലവും ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും, തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു…
Thiruvanandapuram

സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഇക്കൊല്ലവും ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും, തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു…

ഈ വർഷവും സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി തൈ നട്ട് നിർവഹിച്ചു. തക്കാളിത്തെയാണ് മുഖ്യമന്ത്രി നട്ടത്.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള വലിയൊരു ജനകീയ കാമ്പയിനാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം വിതരണം ചെയ്യുന്നത്. ഓണം സീസൺ മുന്നിൽകണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പദ്ധതി.
പദ്ധതി പ്രകാരം കർഷകർക്കും, വിദ്യാർഥികൾക്കും, വനിത ഗ്രൂപ്പുകൾക്കും, സന്നദ്ധസംഘടനകൾക്കും കൃഷിഭവൻ മുഖേന സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂൺ പകുതിയോടെ ലഭ്യമാക്കും. കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുകയാണ് പദ്ധതി ലക്ഷ്യം.
സെക്രട്ടേറിയറ്റ് ഗാർഡനിൽ പദ്ധതിയുടെ ഭാഗമായി 800 ഓളം ചട്ടികളിലാണ് തൈ നടുക. തക്കാളി, രണ്ടിനം മുളക്, വഴുതന, കത്തിരിക്ക, പയർ, വെണ്ട, ചീര തുടങ്ങി എട്ടിനം പച്ചക്കറികൾ ഇവിടെ കൃഷിചെയ്യും.
അഞ്ച് വർഷവും വളരെ ജനകീയമായി നടപ്പാക്കപ്പെട്ട പദ്ധതിയായിരുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി. കഴിഞ്ഞ ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കാനായി. ഇത് വർധിപ്പിച്ച് എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച് വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കാനാണ് ശ്രമം. കൃഷിവകുപ്പിന് കീഴിലുള്ള വിഎഫ്പിസികെ, കേരള കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്ററുകൾ എന്നിവ മുഖേനയാണ് വിത്തുകളും തൈകളും വിതരണത്തിന് തയ്യാറായിട്ടുള്ളത്.
പച്ചക്കറി തൈ നടീൽ ചടങ്ങിൽ കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയി, കൃഷിവകുപ്പ് സെക്രട്ടറി ഡോ: രത്തൻ യു. ഖേൽക്കർ, കൃഷി ഡയറക്ടർ ഡോ: കെ. വാസുകി, പൊതുഭരണ (ഹൗസ് കീപ്പിംഗ്) അഡീ. സെക്രട്ടറി പി. ഹണി തുടങ്ങിയവരും സംബന്ധിച്ചു.

Related posts

കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം; വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

Aswathi Kottiyoor

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കില്ല: കെ കൃഷ്ണൻകുട്ടി…

Aswathi Kottiyoor

പിണറായി മുഖ്യമന്ത്രി, 17 പുതുമുഖങ്ങൾ ; സത്യപ്രതിജ്ഞ നാളെ…………..

Aswathi Kottiyoor
WordPress Image Lightbox