കേളകം: ഇന്റർനെറ്റ്, മൊബൈൽ ഫോൺ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അധ്യയന വർഷാരംഭത്തിൽ തന്നെ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് കെസിവൈഎം ചുങ്കക്കുന്ന് മേഖല സമിതി ആവശ്യപ്പെട്ടു.
കൊട്ടിയൂർ , കേളകം ഗ്രാമപഞ്ചായത്തുകളിലെ പല ഭാഗങ്ങളും മൊബൈൽ ഫോൺ സേവനങ്ങൾ ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. മൊബൈൽ ഇന്റർനെറ്റ് ഈ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് സ്വപ്നം മാത്രമാണ്.
കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം, നെല്ലിയോടി, ചപ്പമല, പാലുകാച്ചി മല , ഒറ്റപ്ലാവ്, കേളകം പഞ്ചായത്തിലെ ശാന്തിഗിരി, ചെട്ടിയാംപറമ്പ്, തുള്ളൽ, വെള്ളൂന്നി മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കണമെങ്കിൽ മൊബൈൽ ഫോൺ പിടിച്ച് മഴയത്തും വെയിലിലും വീടിനു പുറത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണണെന്ന് മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ ആവശ്യപ്പെട്ടു.
ഡയറക്ടർ ഫാ. ജീഫിൻ മുട്ടപ്പള്ളി, വൈസ് പ്രസിഡന്റ് ബെറ്റി പുതുപ്പറമ്പിൽ, സെക്രട്ടറി വിമൽ കൊച്ചുപുരക്കൽ, ജോയിന്റ് സെക്രട്ടറി സിസിൽ മാളിയേക്കൽ, സോനു തടത്തിൽ, ജോഷൽ ഈന്തുങ്കൽ, വിനീഷ് മഠത്തിൽ, ബിനിൽ മറ്റത്തിൽ, ആൻമരിയ കളത്തിൽ , ജിൽട്ടൻ കൊച്ചുവെമ്പള്ളി എന്നിവർ പങ്കെടുത്തു.