24.3 C
Iritty, IN
October 1, 2024
  • Home
  • Iritty
  • ലോക്ക് ഡൗണിൽ വലഞ്ഞ് കൂട് മത്സ്യകർഷകർ മത്സ്യം വിറ്റഴിക്കാനാവാതെ നഷ്ടം അരക്കോടിയോളം
Iritty

ലോക്ക് ഡൗണിൽ വലഞ്ഞ് കൂട് മത്സ്യകർഷകർ മത്സ്യം വിറ്റഴിക്കാനാവാതെ നഷ്ടം അരക്കോടിയോളം

ഇരിട്ടി: കോവിഡ് പ്രതിസന്ധിയിലാക്കിയ നിരവധി കർഷകരുടെ കൂട്ടത്തിൽ കേരളത്തിലെ ആദ്യ ശുദ്ധജല കൂടു മത്സ്യ കർഷകരും. ഇരിട്ടിക്ക് സമീപം കപ്പച്ചേരിയിൽ പഴശ്ശി ജലസംഭരണിയിൽ പഴശ്ശി രാജ മത്സ്യ കർഷക സ്വയം സഹായ സംഘം നടത്തുന്ന ശുദ്ധജല കൂട് മത്സ്യകൃഷിയാണ് മത്സ്യം വിറ്റഴിക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. വളർച്ചയെത്തിയ 60000 മീനുകളാണ് ഇപ്പോൾ വിളവെടുത്ത് വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലുള്ളത്. ഇതുമൂലം അര കോടി രൂപയുടെ നഷ്ടമാണ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷിയിൽ ഉണ്ടായിട്ടുള്ളത്. ഒരോ ദിവസവും 7000 രൂപയുടെ നഷ്ടം സഹിച്ചാണ് ഇപ്പോൾ നിലവിലുള്ള മീനുകളെ പരിപാലിക്കുന്നത്.
ആറു മാസത്തെ വളർച്ചയിൽ വിളവെടുക്കാൻ കഴിയുന്ന തിലോപ്പിയ ചിത്രലാട ഇനം മീനുകളെയാണ് ഇക്കുറി വളർത്തിയത്. ഇതനുസരിച്ച് ഏപ്രിൽ മാസം വിളവെടുപ്പ് ആരംഭിച്ചു. ശുദ്ധജല മത്സ്യ കൃഷി പദ്ധതി പ്രകാരം സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിൽ വിഷാംശവും രാസവസ്തുക്കളും ഇല്ലാതെ വളർത്തിയ മീനുകൾക്ക് ഏറെ ആവശ്യക്കാരും ഉണ്ടായിരുന്നു. ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിലെ കപ്പച്ചേരിയിൽ തുടങ്ങിയ വിപണ കേന്ദ്രം വഴി വിൽപന തുടങ്ങിയതോടെ ലോക്ക് ഡൗൺ ആയി. പകുതി മീൻ പോലും വിറ്റഴിക്കാനായില്ല. ജൂൺ 1 ന് അണക്കെട്ട് തുറക്കുമെന്നതിനാൽ ചടച്ചിക്കുണ്ടത്തെ പ്രകൃതിദത്ത കുളത്തിലേക്ക് മീനുകളെ കർഷകർ മാറ്റി. 6 മാസം കഴിഞ്ഞാൽ പിന്നീട് തൂക്കം വക്കില്ല. ഇപ്പോൾ 2 മാസം കഴിഞ്ഞു. പ്രതിദിനം 4000 രൂപയുടെ തീറ്റ വേണം. സംഘത്തിൽപെട്ട 10 കർഷകർ പ്രതിദിനം 300 രൂപ വേതന പ്രകാരം ജോലി ചെയ്യുന്നുണ്ട്. ഈ വിധം 3000 രൂപ വേണം. ഇങ്ങനെ പരിപാലന ചെലവ് ഇനത്തിൽ മാത്രം 2 മാസം കൊണ്ട് 4.2 ലക്ഷം രൂപ നഷ്ടം ആയി കഴിഞ്ഞു. 60000 മീനുകളെ വിറ്റഴിക്കാനായില്ലങ്കിൽ വരുന്ന നഷ്ടം അര കോടി രൂപയിലധികം ആണ്.
സംസ്ഥാനത്ത് ആദ്യമായി സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി മുഖേന 2017 ലാണ് പഴശ്ശി സംഭരണിയിൽ മത്സ്യകൃഷി ആരംഭിച്ചത്. പഴശ്ശിരാജാ മത്സ്യകർഷക സ്വയം സഹായ സംഘത്തിനാണ് നടത്തിപ്പ് ചുമതല . അണക്കെട്ടുകളിലെ ജലാശയം ഉപയോഗപ്പെടുത്തി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ പൈലറ്റ് പദ്ധതിയിയാണ് പെരുവംപറമ്പിൽ തുടങ്ങിയത്. ആദ്യ വിളവെടുപ്പ് ഉദ്‌ഘാടനം അന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് നിർവഹിച്ചത്.
പി.എം.ദിവാകരൻ പ്രസിഡന്റും എ.കെ.നാരായണൻ സെക്രട്ടറിയും പി.വി. വിനോദൻ ട്രഷറുമായ കൂട്ടായ്മയാണ് പഴശ്ശി രാജ മത്സ്യ കർഷക സ്വയം സഹായ സംഘം. സർക്കാർ സംവിധാനങ്ങളോ തദ്ദേശ ഭരണ സ്ഥാപനങ്ങളോ സന്നദ്ധ സംഘടനകളോ ജനകീയമായി പ്രശ്‌നത്തിൽ ഇടപെട്ട് മത്സ്യം വിറ്റഴിക്കാൻ സംവിധാനം ഒരുക്കിയില്ലങ്കിൽ സംസ്ഥാനത്ത് ആദ്യ 3 വർഷം വിജയിച്ച പദ്ധതി ഇക്കുറി പരാജയപ്പെടും . തിലോപ്പിയ വിഭാഗത്തിലെ ഏറ്റവും നൂതന ഇനമാണ് ചിത്രലാഡ. സ്വാദും കൂടുതലാണ്. നല്ല മീൻ ലഭിക്കാത്ത ഈ കാലഘട്ടത്തിൽ സർക്കാർ പദ്ധതി പ്രകാരം വളർത്തിയ 20000 കിലോയോളം മത്സ്യമാണു ആവശ്യക്കാരെ കാത്തു കഴിയുന്നത്. ഇപ്പോൾ സംരക്ഷിച്ച കുളവും കനത്ത മഴയിൽ വെള്ളം കയറുന്ന പ്രദേശത്ത് ആയതിനാൽ ഉടൻ നടപടി ഉണ്ടായില്ലങ്കിൽ ഇവയെല്ലാം പാഴായി പോകാനും സാധ്യത ഏറെയാണ്.

Related posts

ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി;ഇരിട്ടിയിൽ വഴിയോര കച്ചവടക്കാരുടെ പുരധിവാസത്തിനായി വെൻഡിങ് മാർക്കറ്റിന് ശ്രമം തുടങ്ങി

Aswathi Kottiyoor

അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​നാ​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം: എം​എ​ൽ​എ

Aswathi Kottiyoor

ആദിവാസി ബാലികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox