കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് വാക്സിന് സൗകര്യമേര്‍പ്പെടുത്തുന്നതില്‍ സാമൂഹിക നീതി വകുപ്പ് മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുളള വൃദ്ധമന്ദിരങ്ങളിലെയും മാനസിക-പുനരധിവാസ കേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് അസോസിയേഷന് ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിറ്റ്യൂഷന്‍സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അത്തരം സ്ഥാപനങ്ങളിലെ സ്റ്റാഫിനെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ റേഷന്‍ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് ശേഖരിക്കുന്നതിനു പകരം കോവിഡ് കാലമായതു കൊണ്ട് സ്ഥാപനവുമായി ബന്ധപ്പെട്ട പ്രദേശത്തെ റേഷന്‍ കടകളില്‍ നിന്നു ലഭ്യമാക്കണമെന്നും അസോസിയേഷന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികളുടെ നിര്‍ത്തിവച്ചിരിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്ഷന് പുനഃരാരംഭിക്കണം. അനാഥാലയങ്ങള്‍ക്കും വൃദ്ധമന്ദിരങ്ങള്‍ക്കും സബ്സിഡിയോടു കൂടി ഗാര്‍ഹിക നിരക്കില്‍ ഗ്യാസ് കണക്ഷന് ലഭിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബ്രദര്‍ സജി അധ്യക്ഷത വഹിച്ചു. സി.എച്ച്. മൊയ്തുഹാജി, രവീന്ദ്രനാഥ് ചേലേരി, ബ്രദര്‍ ലിജോ, കെ. സലാംഹാജി, സിസ്റ്റര്‍ വിനീത, ഷമീമ ഇസ്ലാഹിയ, കെ.കെ. അഹമ്മദ് ഹാജി, സിസ്റ്റര്‍ ക്രിസ്റ്റഫല്‍, സി. ബാലഗോപാലന്, ഫാ.സണ്ണി, കെ.എം. അഹമ്മദ്, ഫാ. ബെന്നി ചെമ്പേരി, അശോകന് തോട്ടട , ഫാ. ഷാജി, ഫാ. ഷീനോ, ജിസ്നാ കെ. ജോര്‍ജ്, ജനറല്‍ സെക്രട്ടറി പി.വി. സൈനുദ്ദീന്‍, സെക്രട്ടറി ടി.എ. തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.