പതിനെട്ടു വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാൻ സംസ്ഥാനത്തിനു കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്രം തരുന്നതു വിലകൊടുത്തു വാങ്ങുന്ന നിലയാണിപ്പോഴുള്ളത്. അതിന്റെ വിഹിതവും കേന്ദ്രസർക്കാർ തീരുമാനിക്കുമെന്ന നിലയാണെന്നാണ് ഇപ്പോൾ കേൾക്കുന്നത്. വാക്സിൻ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. വാക്സിൻ കിട്ടുന്ന മുറയ്ക്ക് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ നൽകാമെന്നാണു സർക്കാർ ഇപ്പോൾ വിചാരിക്കുന്നത്.
കോവിഡ് വാക്സിനല്ലാതെ രാജ്യത്തു മറ്റു നിരവധി വാക്സിനുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. എല്ലാ വാക്സിനുകളും കേന്ദ്രസർക്കാരാണു തരുന്നത്. എല്ലാം സൗജന്യമായാണു തരുന്നതും. കോവിഡ് വാക്സിന്റെ കാര്യത്തിൽ മാത്രം കേന്ദ്രത്തിനൊരു വില, സംസ്ഥാനത്തിനു മറ്റൊരു വില എന്നാണ്. ഇതു ന്യായമല്ലെന്നാണ് കേരളം ആദ്യം മുതൽ പറഞ്ഞു വരുന്നത്. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാരിൽനിന്നു വ്യക്തമായ ക്രമീകരണമുണ്ടാകാത്തതു കൊണ്ടാണ് സുപ്രീംകോടതിയിൽനിന്നു വിമർശനമുണ്ടായതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.