24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നിയന്ത്രണങ്ങളിൽ കിഴിവ്‌ ; കൃഷിയും ചെറുകിട വ്യവസായവും തുടരാം………….
Kerala

നിയന്ത്രണങ്ങളിൽ കിഴിവ്‌ ; കൃഷിയും ചെറുകിട വ്യവസായവും തുടരാം………….

തിരുവനന്തപുരം:കോവിഡ്‌ വ്യാപന സാധ്യത ഒഴിവാക്കി കാർഷിക, അനുബന്ധ മേഖലകളും ചെറുകിട വ്യവസായങ്ങളുമടക്കമുള്ള ഉൽപ്പാദന മേഖലയിലെ പ്രവർത്തനങ്ങൾ തുടരും. കൃഷി, തോട്ടം, കാലിവളർത്തൽ, ക്ഷീരം, മീൻ വളർത്തൽ, മീൻ പിടിത്തം, വനവൽക്കരണവും വനവിഭവങ്ങൾ ശേഖരിക്കൽ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ തടസ്സമാകില്ല. വ്യവസായം, ചെറുകിട–-ഇടത്തരം–-സൂക്ഷ്‌മ വ്യവസായ സംരംഭം, നിർമാണം തുടങ്ങിയ മേഖലകൾക്ക്‌ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ച്‌ പ്രവർത്തിക്കാം. തൊഴിലുറപ്പ്‌ പദ്ധതി പ്രവർത്തനങ്ങളും തുടരും. ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികൾക്കും ബോധവൽക്കരണ പ്രവർത്തനം ആരംഭിച്ചു.

ഇവർക്ക് ക്വാറന്റൈൻ, വാക്‌സിനേഷൻ സൗകര്യങ്ങളും ഏർപ്പെടുത്തും. വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിന്‌‌ അപേക്ഷിക്കാനുള്ള കാലാവധി നീട്ടി. മാർച്ച്‌ 10 മുതലുള്ളത്‌ 30 വരെ അപേക്ഷിക്കാം.സഹകരണ ആശുപത്രികൾ, ലാബുകൾ, ആംബുലൻസുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ എന്നിവയുടെ സേവനം വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സേവന സന്നദ്ധതയും കാര്യക്ഷമതയും ഉയർത്തണം.

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അടിയന്തര പദ്ധതികൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര സ്വഭാവത്തോടെ ആരംഭിക്കേണ്ട പദ്ധതികൾക്കുള്ള മാർഗനിർദേശമായി. ക്വാറന്റൈൻ കേന്ദ്രം, കോവിഡ്‌ ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ (സിഎഫ്‌എൽടിസി), സെക്കന്റ്‌ ലെവൽ ട്രീറ്റ്‌മെന്റ്‌ സെന്റർ (സിഎസ്‌എൽടിസി), ഡൊമിസിലിയറി കെയർ സെന്റർ (ഡിസിസി) എന്നിവ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ഏറ്റെടുക്കണം. മരാമത്ത്‌ പണികൾ, സാധനങ്ങൾ വാങ്ങൽ, മരുന്നും ഉപകരണങ്ങളും വാങ്ങൽ, താൽക്കാലികമായി നിയോഗിക്കുന്നവർക്കുള്ള‌ വേതനം , കുടിവെള്ളം, ഭക്ഷണം, ശുചീകരണ ഉപകരണങ്ങൾ വാങ്ങൽ, ശുചീകരണം തുടങ്ങിയവയ്‌ക്കുള്ള ചെലവുകൾ പദ്ധതിയുടെ ഭാഗമാക്കാം. കോവിഡ്‌ പരിശോധന, ചികിത്സ എന്നിവയ്ക്കുള്ള യാത്രയ്‌ക്കുള്ള‌ വാഹനം/ആംബുലൻസ്‌ സൗകര്യം ലഭ്യമാക്കൽ, മരുന്നും ഉപകരണങ്ങളും ലഭ്യമാക്കൽ തുടങ്ങിയവയും അടിയന്തര പദ്ധതി നിർവഹണത്തിൽപ്പെടും. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ യോഗങ്ങൾ പൂർണമായും വെർച്വൽ സംവിധാനത്തിലാകാം. ഇതുവഴി ചേരുന്ന ഭരണസമിതി യോഗങ്ങൾക്ക്‌ അടിയന്തര സ്വഭാവത്തിലുള്ള പദ്ധതികൾക്ക്‌ അംഗീകാരവും നൽകാം. ഇവ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പിന്നീട് ഡിപിസി അംഗീകാരം നേടിയാൽ മതി.

ഓഫീസുകളിൽ “കോവിഡ് പ്രോട്ടോകോൾ ഓഫീസർ’
പഞ്ചായത്തുവകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളിൽ ഇനി കോവിഡ് പ്രോട്ടോകോൾ ഓഫീസറും. ജൂനിയർ സൂപ്രണ്ട്/ ഹെഡ് ക്ലർക്ക് തസ്തികയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനായിരിക്കും ചുമതല. രോഗപ്രതിരോധം, സിഎഫ്എൽടിസി/ ഡിസിസി/ സിഎസ്എൽടിസി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ വിന്യസിക്കൽ തുടങ്ങിയവയാണ് ഉത്തരവാദിത്തം.
പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള സിഎഫ്എൽടിസി/ ഡിസിസി/ സിഎസ്എൽടിസികളുടെ മേൽനോട്ടച്ചുമതല അസി. സെക്രട്ടറി, ഹെഡ് ക്ലർക്ക്/ ജൂനിയർ സൂപ്രണ്ട് വഹിക്കണം.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ചൊവ്വാഴ്ചമുതൽ ഒരുമാസക്കാലയളവിലേക്ക് ഓഫീസ്, രോഗപ്രതിരോധം, സിഎഫ്എൽടിസി/ ഡിസിസി/ സിഎസ്എൽടിസി എന്നിവയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാത്തവിധം സംഘങ്ങളായി തിരിച്ചാകും ഡ്യൂട്ടി.പഞ്ചായത്തുകളിൽ വിവിധ സേവനങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി അയക്കുന്നതിന്‌ ആവശ്യമായ അറിയിപ്പ് പൊതുജനങ്ങൾക്ക് നൽകണം.

മറ്റ്‌ നിർദേശങ്ങൾ
● അസുഖബാധിതരായ ജീവനക്കാർക്ക് സൗകര്യപ്രദമായി ഡ്യൂട്ടി ക്രമീകരിക്കണം.
● ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദർശനം ആവശ്യമായി വന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
● കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ മേലധികാരിയെ അറിയിക്കണം.
● കോവിഡ് രോഗപ്രതിരോധം, സിഎഫ്എൽടിസി/ ഡിസിസി/ സിഎസ്എൽടിസി എന്നിവയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവനക്കാർ എല്ലാ പഞ്ചായത്തിലും ഉണ്ടെന്ന് പെർഫോമൻസ് ഓഡിറ്റ് വിഭാഗവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും ഉറപ്പാക്കണം.

Related posts

ആമസോണിലും ഫ്ലിപ്പ്​കാര്‍ട്ടിലും ഇനിമുതല്‍ ഫ്ലാഷ്​ സെയില്‍സ്​ ഉണ്ടാകില്ല

Aswathi Kottiyoor

അഴിമതി തടയാൻ റവന്യു വകുപ്പിൽ മന്ത്രി മുതൽ ജോയിന്റ് കമ്മീഷണർ വരെ ഓരോ മാസവും വില്ലേജ് ഓഫീസുകൾ സന്ദർശിക്കും

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം*

Aswathi Kottiyoor
WordPress Image Lightbox