23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • കോവിഡ് കാലത്ത്‌ കുട്ടികളിൽ പുതിയ രോഗം…………
Kerala

കോവിഡ് കാലത്ത്‌ കുട്ടികളിൽ പുതിയ രോഗം…………

കോഴിക്കോട്‌: കോവിഡ്‌ കാലത്ത്‌ കുട്ടികളിൽ പുതിയൊരു രോഗം. മൾട്ടി സിസ്‌റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം കോവിഡ്‌(എംഐഎസ്‌സി) എന്ന പേരിലുള്ള രോഗമാണ്‌ കുട്ടികളിൽ പടരുന്നത്‌. ആറുമാസത്തിനിടെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച നൂറോളം കുട്ടികളെ ചികിത്സിച്ച്‌ ഭേദമാക്കി. പനി, വയറുവേദന, വയറിളക്കം, ഛർദി, മേലാസകലം ചുവന്നുതടിപ്പ്‌ തുടങ്ങിയവയാണ്‌ രോഗലക്ഷണങ്ങളെന്ന്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ കുട്ടികളുടെ(പീഡിയാട്രിക്‌) ഐസിയു വിഭാഗം തലവൻ ഡോ. എം പി ജയകൃഷ്‌ണൻ പറഞ്ഞു.

കോവിഡ്‌ ലക്ഷണങ്ങൾ ഇവർക്കുണ്ടാകണമെന്നില്ല. പരിശോധിച്ചാൽ അപൂർവം പേർക്കേ കോവിഡ്‌ പോസിറ്റീവാകൂ. കോവിഡ്‌ രോഗികളുമായുള്ള സമ്പർക്കത്തിലൂടെയും മറ്റുമാണ്‌ ചുരുങ്ങിയ തോതിലെങ്കിലും കുട്ടികൾക്ക്‌ രോഗം വരുന്നത്‌. പ്രധാനമായും ഹൃദയത്തെയാണ്‌ ബാധിക്കുക. കോവിഡ്‌ മൂർധന്യാവസ്ഥയ്‌ക്കുശേഷം കഴിഞ്ഞവർഷം ഒക്ടോബർ മുതലാണ്‌ ഇത്തരം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തുതുടങ്ങിയത്‌.

കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ കുട്ടികളുടെ വിഭാഗത്തിൽ മാത്രം നൂറോളം കുട്ടികളെ പ്രവേശിപ്പിച്ചു. 12 വയസിനുതാഴെയുള്ളവരാണിവർ. കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ(ഐസിയു) വിദഗ്‌ധ ചികിത്സ നൽകി എല്ലാവരുടെയും ജീവൻ രക്ഷിക്കാനായതായി ഡോ. ജയകൃഷ്‌ണൻ പറഞ്ഞു. തിരുവനന്തപുരം, തൃശൂർ, എറണാകുളം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ചുരുക്കം കുട്ടികൾക്ക്‌ രോഗം വന്നിട്ടുണ്ട്‌. കൂടുതൽ കേസുകൾ കോഴിക്കോട്ടാണ്‌.

പനിയോടെയാണ്‌ അസുഖത്തിന്‌ തുടക്കം. മിക്കവാറും എല്ലാ അവയവങ്ങളെയും ഘട്ടംഘട്ടമായി ബാധിക്കും. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയും. തലച്ചോറിൽ നീർക്കെട്ടുണ്ടാകും. ഇതിനു പുറമെ വൃക്ക, കരൾ, പാൻക്രിയാസ്‌ എന്നിവയെയും ബാധിക്കുമെന്നാണ്‌ പരിശോധനയിലെ കണ്ടെത്തൽ.
ചില കുട്ടികൾക്ക്‌ പനിക്കൊപ്പം കണ്ണിന്‌ ചുവപ്പുനിറമാകും. ചുണ്ടുകളും ചുവന്നുതടിക്കും. ദേഹത്ത്‌ ചുവന്ന പാടുകളും കണ്ടേക്കാം. ജപ്പാനിൽ റിപ്പോർട്ട്‌ ചെയ്‌ത കവാസാക്കി രോഗത്തോട്‌ ഇതിന്‌ സാമ്യമുണ്ട്‌. സമയത്ത്‌ ചികിത്സ ലഭിച്ചാൽ പേടിക്കാനില്ലെന്നും ഡോ. ജയകൃഷ്‌ണൻ പറഞ്ഞു.

Related posts

മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Aswathi Kottiyoor

ശബരിമല വികസനം: പദ്ധതികൾ തയാറാക്കുന്നതിൽ പാളിച്ച; കേന്ദ്രം അനുവദിച്ച 80 കോടി പാഴാകുന്നു

Aswathi Kottiyoor

സംസ്ഥാനത്ത്‌ 15 ലക്ഷം കുട്ടികൾ ; സ്‌റ്റോക്കുള്ളത്‌ 25 ലക്ഷം ഡോസ്‌

Aswathi Kottiyoor
WordPress Image Lightbox