കൊട്ടിയൂര്‍: വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നത് തുടരുന്ന കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാമറ ട്രാപ്പുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. കുറച്ച് മാസങ്ങളായി വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യമൃഗാക്രമണം തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയത്. വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന വന്യജീവികളെ കണ്ടെത്താൻ നടപടി സ്വീകരിക്കണം, വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം കൃത്യമായി നല്‍കണം, രൂക്ഷമായ വന്യജീവി അക്രമണമുള്ള സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കണം തുടങ്ങിയവയാണ് യോഗത്തില്‍ പഞ്ചായത്ത് അധികൃതര്‍ വനം വകുപ്പിനോട് ഉന്നയിച്ചത്.
ചപ്പമല, പന്നിയാംമല, പാലുകാച്ചി എന്നിവിടങ്ങളിൽ കാമറ ട്രാപ്പുകള്‍ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. നഷ്ടപരിഹാര തുക ലഭ്യമാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും. കൊട്ടിയൂര്‍ പഞ്ചായത്തിലെ വന്യജീവി പ്രശ്നങ്ങള്‍ ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിക്കും. ജന ജാഗ്രതാസമിതി ചേര്‍ന്ന് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ തീരുമാനിക്കും.
കാട്ടുപന്നി ശല്യം രൂക്ഷമായ സ്ഥലത്ത് പന്നികളെ വെടിവയ്ക്കാന്‍ ജാഗ്രത സമിതി ചേര്‍ന്ന് റിപ്പോര്‍ട്ട് ഡിഎഫ്ഒയ്ക്ക് നല്കി ഉത്തരവ് വാങ്ങിയ ശേഷം ലൈസന്‍സുള്ള തോക്കുള്ള കര്‍ഷകര്‍ക്ക് വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കും, നിലവില്‍ കൊട്ടിയൂര്‍ പ്രദേശത്ത് കടുവകള്‍ ഉണ്ടോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ലെന്നും കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നരോത്ത് പറഞ്ഞു. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.സി.രാജീവന്, മണത്തണ സെക്ഷന്‍ ഫോറസ്റ്റര്‍ എം.മഹേഷ്, ബീറ്റ് ഓഫീസര്‍ രഞ്ചിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍തുരുത്തിയില്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.