കണ്ണൂര്‍: പാനൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയില്‍ ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ അക്രമിസംഘം ലഷ്യമിട്ടത് സഹോദരന് മുഹ്സിനെയെന്ന് കസ്റ്റഡിയിലുള്ള പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ ഷിനോസ്. പൊലീസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് ഷിനോസ്.
പ്രദേശത്ത് ഒാപണ്‍ വോട്ടുമായി ബന്ധപ്പെട്ട പ്രശ്നം ഉടലെടുത്തിരുന്നു. ഇതിന് പ്രതികാരമായി ബൂത്ത് ഏജന്റ് കൂടിയായ മുഹ്സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ് സി.പി.എം പ്രവര്‍ത്തകര്‍ അന്ന് രാത്രി എട്ടുമണിയോടെ ഇവരുടെ വീടിനടുത്തെത്തിയത്. മുഹ്സിനെ ഭീഷണിപ്പെടുത്തുന്നത് കണ്ട് അനുജന് മന്‍സൂര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും അക്രമികള്‍ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ് വീഴ്ത്താന്‍ ശ്രമിച്ചു. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ടിന് താഴെ ചിന്നിച്ചിതറി. ഇതില്‍നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
സ്ഫോടന ശബ്ദംകേട്ട് അയല്‍വാസികളും മന്‍സൂറിന്റെ കുടുംബക്കാരും ഓടിയെത്തിയതോടെ അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, സംഘാംഗമായ ഷിനോസിനെ മുഹ്സിന് കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമികള്‍ പ്രദേശത്ത് എത്തിയതെന്നാണ് വിവരം. കൊലപാതക കേസില്‍ പ്രതിയായയാള്‍ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് പൊലീസ് ഗൗരവത്തിലെടുത്തില്ലെന്ന് പരാതിയുണ്ട്. ‘മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’ എന്നാണ് ഇയാള്‍ വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. ഉച്ചയോടെ ഭീഷണി സ്റ്റാറ്റസ് വാട്സാപ്പിലൂടെ പുറത്തുവന്നുവെന്നും ഇതേക്കുറിച്ച് പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു.
മന്‍സൂറിനെ കൊലെപ്പടുത്തിയതിന് പിറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പൊലീസ് കമീഷണര്‍ ഇളങ്കോ തന്നെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പത്തിലധികം ആളുകള്‍ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
െകാലപാതകം ആസൂത്രിതമാണെന്നാണ് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പ്രതികരിച്ചത്. എന്നാല്‍, സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ലീഗിനാണെന്നും ആസൂത്രിത കൊലപാതകമല്ലെന്നും സി.പി.എം നേതാവ് എം.വി. ജയരാജന് പ്രതികരിച്ചു. പ്രാദേശികമായ സംഘര്‍ഷമാണ് കൊലപാതകത്തിന് പിറകിലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന് പറഞ്ഞത്.
കൊലപാതകത്തെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ അരങ്ങേറിയ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സമാധാന ചര്‍ച്ച നടക്കും.