കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മൂന്ന് മുന്നണികളിൽനിന്നായി സ്വന്തം പേരിനുനേരെ വോട്ട് രേഖപ്പെടുത്തിയത് 26 സ്ഥാനാർഥികൾ.
സ്വന്തം മണ്ഡലത്തിൽ സ്ഥാനാർഥികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ. ശൈലജ എന്നിവർ വോട്ടിംഗ് മെഷീനിലെ സ്വന്തം പേരുകൾക്കുനേരെ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോൾ മന്ത്രിയും കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ കല്യാശേരി മണ്ഡലത്തിലാണ് വോട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി കണ്ണൂർ ഗവ. മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിലെ 86 ാംനന്പർ ബൂത്തിലും എൻഡിഎ സ്ഥാനാർഥി അർച്ചന വണ്ടിച്ചാൽ തളാപ്പ് മിക്സഡ് യുപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
അഴീക്കോട്, തലശേരി, പേരാവൂർ എന്നിവിടങ്ങളിലെ സിറ്റിംഗ് എംഎൽഎമാരും സ്ഥാനാർഥികളുമായ സണ്ണി ജോസഫ്, കെ.എം. ഷാജി, എ.എൻ. ഷംസീർ എന്നിവരും തങ്ങൾക്കുതന്നെ വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാർഥിയായ സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിലെ ഇരിട്ടി കടത്തുംകടവ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലും കെ.എം. ഷാജി കണ്ണൂർ അലവിൽ യുപി സ്കൂളിലും ഷംസീർ പാറാൽ എൽപി സ്കൂളിലും വോട്ട് ചെയ്തു. അഴീക്കോട് എൽഡിഎഫ് സ്ഥാനാർഥിയായ കെ.വി. സുമേഷ് ഇരിക്കൂർ മണ്ഡലത്തിലെ ചെങ്ങളായി മാപ്പിള എഎൽപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ അഴീക്കോടെ എൻഡിഎ സ്ഥാനാർഥി കെ. രഞ്ജിത്ത് ചാലാട് നോർത്ത് എൽപി സ്കൂളിൽ വോട്ട് ചെയ്തു.
ഇരിക്കൂറിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളായ സജീവ് ജോസഫ്, സജി കുറ്റ്യാനിമറ്റം, ആനിയമ്മ രാജേന്ദ്രൻ എന്നിവരും സ്വന്തം പേരുകളിൽ വോട്ട് രേഖപ്പെടുത്തി.
സജീവ് ജോസഫും ഭാര്യ ബ്യൂട്ടി ജേക്കബും മകൾ സോനയും വയത്തൂര് യുപി സ്കൂള് 175 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇടതുസ്ഥാനാർഥി സജി കുറ്റ്യാനിമറ്റം വെള്ളാട് ഗവ. യുപി സ്കൂളിലെ 62- ാം ബൂത്തിലും എൻഡിഎ സ്ഥാനാർഥി ആനിയമ്മ രാജേന്ദ്രൻ ഉദയഗിരി പ്രത്യാശ യുപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനൻ, യുഡിഎഫ് സ്ഥാനാർഥി എം. പ്രദീപ് കുമാർ, എൻഡിഎ സ്ഥാനാർഥി ശ്രീധരൻ എന്നിവർ യഥാക്രമം പയ്യന്നൂർ ഗവ. എൽപി സ്കൂൾ, അന്നൂർ യുപി സ്കൂൾ, പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു. പേരാവൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ കെ.വി. സക്കീർ ഹുസൈൻ പയഞ്ചേരി എൽപി സ്കൂളിൽ വോട്ട് ചെയ്തു.
സ്വന്തം പേരുകൾക്കുനേരെ വോട്ട് രേഖപ്പെടുത്തിയ മറ്റു സ്ഥാനാർഥികൾ. മണ്ഡലം, സ്ഥാനാർഥിയുടെ പേര് മുന്നണി, വോട്ട് രേഖപ്പെടുത്തിയ പോളിംഗ് ബൂത്ത് എന്നീ ക്രമത്തിൽ ചുവടെ.
കല്യാശേരി-ബ്രിജേഷ് കുമാർ (യുഡിഎഫ്), കടന്നപ്പള്ളി ഈസ്റ്റ് എൽപി സ്കൂൾ, എം.വിജിൻ (എൽഡിഎഫ്), എടനാട് സൗത്ത് എൽപി സ്കൂൾ. തളിപ്പറന്പ്- വി.പി. അബ്ദുൾ റഷീദ് (യുഡിഎഫ്) ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ. എം.വി. ഗോവിന്ദൻ (എൽഡിഎഫ്) മോറാഴ സെൻട്രൽ യുപി സ്കൂൾ, എ.പി. ഗംഗാധരൻ (എൻഡിഎ) മൂത്തേടത്ത് ഹൈസ്കൂൾ. കൂത്തുപറന്പ്-പൊട്ടങ്കണ്ടി അബ്ദുള്ള (യുഡിഎഫ്) കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ. കെ.പി.മോഹനൻ (എൽഡിഎഫ്) പുത്തൂർ എൽപി സ്കൂൾ. തലശേരി-എം.പി. അരവിന്ദാക്ഷൻ (യുഡിഎഫ്) കുയ്യാലി തയ്യിൽ യുപി സ്കൂൾ, സി.ഒ.ടി. നസീർ (സ്വതന്ത്രൻ) തലശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി, മട്ടന്നൂർ-ബിജു ഏളക്കുഴി (എൻഡിഎ) കൊഴിക്കൽ സ്കൂൾ.
മട്ടന്നൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ ആഗസ്തി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് തലവിൽ സ്കൂളിൽ വോട്ട് ചെയ്തു.
ധർമടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ സി. രഘുനാഥ് കണ്ണൂർ മണ്ഡലത്തിലെ സെന്റ് മൈക്കിൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. കല്യാശേരിയിലെ എൻഡിഎ സ്ഥാനാർഥി അരുൺ കൈതപ്രം ധർമടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി മാമ്പ സെൻട്രൽ എൽപി സ്കൂളിലും വോട്ട് ചെയ്തു. ധർമടം മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കെ. പദ്മനാഭന് അഴീക്കോട് മണ്ഡലത്തിലെ അക്ലിയത്ത് എൽപി സ്കൂളിൽ വോട്ട് ചെയ്തപ്പോൾ പേരാവൂരിലെ എൻഡിഎ സ്ഥാനാർഥി സ്മിത മോഹനൻ വോട്ട് ചെയ്തില്ല. ഇവർക്ക് തലശേയിലാണ് വോട്ടെങ്കിലും സ്ഥാനാർഥിയില്ലാത്തതിനാൽ വോട്ട് ചെയ്യാതിരിക്കുകയായിരുന്നു. കൂത്തുപറന്പ് മണ്ഡലം സ്ഥാനാർഥി സി. സദാനന്ദനും വോട്ട് ചെയ്തില്ല. ഇദ്ദേഹത്തിന്റെ വോട്ട് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലായിരുന്നു. ശാരീരിക അവശതകളുള്ളവർക്കുള്ള പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിരുന്നെങ്കിലും പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീട്ടിലെത്തിയ വേളയിൽ ഇദ്ദേഹം മണ്ഡലത്തിൽ പ്രചാരണത്തിലായിരുന്നതിനാൽ വോട്ട് ചെയ്യാൻ സാധിക്കാതെ പോകുകയായിരുന്നു.
previous post