ഇരിട്ടി : ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമായ ഈസ്റ്റർ ഞായറും വിശുദ്ധവാരവും ഉൾപ്പെടെയുള്ള ദിവസങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ട്രഷറി ഡ്യൂട്ടിക്കുമായി മാറ്റിവയ്ക്കണമെന്ന ബന്ധപ്പെട്ടവരുടെ നിർദേശങ്ങൾ പിൻവലിക്കണമെന്ന് കത്തോലിക്കാകോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഈ ദിവസങ്ങളിലും അവധി അനുവദിക്കാതിരിക്കുന്നത് ആരാധനാസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. അടിയന്തര പ്രാധാന്യമുള്ള വകുപ്പുകൾ അവശ്യസർവീസ് ഡ്യൂട്ടി നൽകുമ്പോൾ ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫാ. മാത്യു ആശാരിപറമ്പിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ജോണി തോമസ് വടക്കേക്കര, ബേബി നെട്ടനാനി, ചാക്കോച്ചൻ കാരാമയിൽ, ബെന്നി പുതിയാംപുറം എന്നിവർ പ്രസംഗിച്ചു.