24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വ്യാജ കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്: മാക്കൂട്ടത്ത് കർണാടക നിയന്ത്രണം കടുപ്പിച്ചു……….
Iritty

വ്യാജ കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്: മാക്കൂട്ടത്ത് കർണാടക നിയന്ത്രണം കടുപ്പിച്ചു……….

ഇരിട്ടി: കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം കർണാടക കടുപ്പിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക ആരോഗ്യവകുപ്പ് നിർബന്ധമാക്കിയതോടെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിയന്ത്രണം കർശനമാക്കിയത്.

ഇതോടെ മാക്കൂട്ടം അതിർത്തി ചെക്ക് പോസ്റ്റിൽ കുടക് ജില്ലാ അധികൃതർ നിയന്ത്രണം കടുപ്പിച്ചു.

കഴിഞ്ഞദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയ നിരവധി പേരെ പിടികൂടിയിരുന്നു. നിലവിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിർത്തി കടത്തിവിടുന്നത്. സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹനത്തൊഴിലാളികൾക്കും 14 ദിവസത്തേക്കും മറ്റുള്ളവർക്ക് 72 മണിക്കൂറുമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.

ഇത് പരിശോധിക്കുന്നതിനായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ് പ്രത്യേക കൗണ്ടറും തുറന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി ചെക്ക് പോസ്റ്റിൽ മറ്റൊരു കൗണ്ടർകൂടി തുറന്നു. പോലീസിന്റെ എണ്ണവും വർധിപ്പിച്ചു.

*വ്യാജ സർട്ടിഫിക്കറ്റ് ഇങ്ങനെ*

ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റിൽ ആളുകളുടെ പേരും ആധാർ നമ്പറും തിരുത്തി കംപ്യൂട്ടർ പ്രിന്റുമായാണ് ചില യാത്രക്കാർ എത്തുന്നത്. അധികൃതർക്ക് സംശയം ഉണ്ടാകാതിരിക്കാൻ തിരിച്ചറിയൽ കാർഡും ആധാർ കാർഡിന്റെ കോപ്പിയും കരുതും.

കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നതിനാൽ യാത്രക്കാരുടെ തിരിച്ചറിയൽരേഖയിലെ ഫോട്ടോയും തിരിച്ചറിയൽ നമ്പറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഒത്തുനോക്കിയശേഷം കടത്തിവിടുകയാണ് പതിവ്. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിശദമായ പരിശോധനയ്ക്കും മറ്റുമാണ് മറ്റൊരു കൗണ്ടർ കൂടി തുറന്നിരിക്കുന്നത്.

വ്യാജൻമാർക്കെതിരേ ഇതുവരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റുമായി നിരവധി പേർ അതിർത്തി കടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസിന്റെയും കുടക് ജില്ല അധികൃതരുടെയും ഉന്നത ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ എത്തി പരിശോധന നടത്തി. ഇപ്പോൾ സർട്ടിഫിക്കറ്റുകൾ എല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമേ കടത്തിവിടുന്നുള്ളൂ. വിശദമായ പരിശോധനയ്ക്ക് ആവശ്യമായ ജീവനക്കാർ 24 മണിക്കൂറും ചെക്ക് പോസ്റ്റിൽ സജ്ജമാണ്.

*പ്രതിഷേധംഫലം കണ്ടില്ല*

അന്തസ്സംസ്ഥാന യാത്രക്കാർ അനുഭവിക്കുന്ന യാത്രാദുരിതം ലഘൂകരിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം കുടക് ജില്ലാ അധികൃതർ പരിഗണിച്ചിട്ടേയില്ല. ആർ.ടി.പി.സി.ആർ. നിർബന്ധമാക്കിയതോടെ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയുകയും ചരക്ക് ഗതാഗതം സ്തംഭനത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് നിയന്ത്രണത്തിൽ ഇളവുണ്ടാകണമെന്ന ആവശ്യം ഉയർന്നത്.

കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുകയും കുടക് മേഖലയിൽ കേരളീയരുമായുള്ള സമ്പർക്കം മൂലം പുതുതായി ആർക്കും രോഗം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യവും കണക്കാക്കി നിയന്ത്രണത്തിൽ ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചവർ ഇതോടെ നിരാശയിലാണ്.

അന്തസ്സംസ്ഥാന യാത്രയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കർണാടക ഹൈക്കോടതിയിൽനിന്നുണ്ടായ നിരീക്ഷണവും യാത്രക്കാരുടെ രക്ഷയ്ക്കെത്തിയില്ല. കേരളത്തിൽനിന്ന്‌ കുടകിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സമയത്തെ നിയന്ത്രണം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചുതുടങ്ങി.

അടച്ചിടൽ മൂലം കഴിഞ്ഞ സീസൺ പൂർണമായും നഷ്ടപ്പെട്ടിരുന്നു. ഇക്കുറി നിയന്ത്രണങ്ങൾ എല്ലാം നീങ്ങി സാധാരണനിലയിലേക്ക്‌ പതുക്കെ പ്രവേശിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നിയന്ത്രണം ഉണ്ടായിരിക്കുന്നത്. പല വിനോദസഞ്ചാരകേന്ദ്രങ്ങളും പൂട്ടൽ ഭീഷണിയിലാണ്.

തോട്ടം മേഖലയെയും തീരുമാനം പ്രതികൂലമായി ബാധിച്ചു. തൊഴിലാളികളിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുള്ളവരാണ്. ചെക്ക് പോസ്റ്റിലെ നിയന്ത്രണങ്ങൾ കാരണം പലർക്കും യഥാസമയം ജോലിസ്ഥലത്ത് എത്താൻ കഴിയുന്നില്ല. പലരും തൊഴിൽതന്നെ ഉപേക്ഷിച്ചിരിക്കുകയണ്.

Related posts

ബസുകളിൽ ഞങ്ങളെ കയറ്റുന്നില്ല സാറേ — — വിദ്യാർത്ഥികൾ പരാതിയുമായി ജോയിന്റ് ആർടിഒ ഓഫീസിൽ

Aswathi Kottiyoor

ഇരിട്ടി വൈദ്യുതി ഭവൻ ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

വിദേശത്തു നിന്നും കുടുംബ സമേതം നാട്ടില്‍ അവധിക്കെത്തിയ യുവാവ് വീടിന്റെ ടെറസില്‍ നിന്നും വീണു മരിച്ചു………..

Aswathi Kottiyoor
WordPress Image Lightbox