24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കോവിഡ്‌ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പൂർണ്ണമായി സുഖം പ്രാപിച്ചു…………
kannur

കോവിഡ്‌ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പൂർണ്ണമായി സുഖം പ്രാപിച്ചു…………

കണ്ണൂർ: കോവിഡ്‌ ന്യുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പൂർണ്ണമായി സുഖം പ്രാപിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്‌ രണ്ടോ മൂന്നോ ദിവസത്തിനകം ആശുപത്രി വിടാം. ഒരുമാസം കർശന ശ്രദ്ധയോടെ വീട്ടിൽ വിശ്രമിക്കേണ്ടി വരും. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ സന്ദർശകരെ ആരെയും അനുവദിക്കില്ല.

ജനുവരി 18നാണ്‌ കോവിഡ് പോസിറ്റീവായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. 20ന്‌ ന്യുമോണിയ ലക്ഷണം കണ്ടതോടെ പരിയാരത്തേക്ക് മാറ്റി. വിശദ പരിശോധനയിൽ ന്യുമോണിയ പിടിമുറുക്കിയതായി കണ്ടെത്തി. ഒപ്പം, കടുത്ത പ്രമേഹവും രക്തസമ്മർദവും. ചികിത്സയ്‌ക്കായി പ്രിൻസിപ്പൽ ഡോ. കെ.എം കുര്യാക്കോസ്‌ ചെയർമാനും മെഡിക്കൽ സൂപ്രണ്ട്‌ ഡോ.കെ സുദീപ്‌ കൺവീനറുമായി പ്രത്യേക മെഡിക്കൽ ബോർഡ്‌ രൂപീകരിച്ചു.

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിർദേശപ്രകാരം കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്‌ധസംഘമെത്തി. 23ന്‌ സ്ഥിതി വഷളായി. രക്തത്തിൽ ഓക്‌സിജന്റെ അളവ്‌ അപകടകരമാം വിധം കുറഞ്ഞു. സി പാപ്പ്‌ വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്‌സിജൻ അളവ്‌ ക്രമീകരിച്ചെങ്കിലും കടുത്ത പ്രമേഹവും രക്തസമ്മർദവും വെല്ലുവിളിയായി. പിന്നീട്,‌ ജീവിതത്തിനും മരണത്തിനുമിടയിലെന്നപോലെയായി. ‘‘ശ്വാസകോശത്തിന്റെ രണ്ട്‌ അറകളെയും വിഴുങ്ങിയ ന്യുമോണിയ. സി പാപ്പ്‌ വെന്റിലേറ്ററിന്റെ മാത്രം സഹായത്തോടെ ശ്വാസോച്ഛ്വാസം. എന്തും സംഭവിക്കാവുന്ന സാഹചര്യം’’–ഡോ. സുദീപ്‌ ഓർക്കുന്നു.

24ന്‌ അർധരാത്രിയോടെ ആരോഗ്യമന്ത്രി നേരിട്ടെത്തി മെഡിക്കൽ ബോർഡ്‌ യോഗം വിളിച്ചു. കോഴിക്കോട് നിന്ന്‌ ക്രിട്ടിക്കൽ കെയർ വിദഗ്‌ധരായ ഡോ. എ.എസ്‌ അനൂപ്‌കുമാറും ഡോ. പി.ജി രാജുവുമെത്തി. കൂടാതെ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എസ്‌.എസ്‌ സന്തോഷ്‌കുമാറും ഡോ. അനിൽ സത്യദാസും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്‌ഷണൽ കൺട്രോൾ സ്‌പെഷ്യലിസ്‌റ്റ്‌ ഡോ.റാം സുബ്രഹ്മണ്യത്തിന്റെ ഉപദേശവും തേടി. അദ്ദേഹം നിർദേശിച്ച ഇഞ്ചക്‌ഷൻ മരുന്ന്‌ കോഴിക്കോട് നിന്ന്‌ എത്തിച്ചുനൽകി. 25ന്‌ വൈകിട്ടോടെ ആരോഗ്യനില മെച്ചപ്പെട്ടു. മൂത്രത്തിൽ പഴുപ്പുവന്നത്‌ ആശങ്കയായെങ്കിലും ഇപ്പോൾ അതും മാറി.

ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ മികവും ഒരു സംഘം ആരോഗ്യ പ്രവർത്തകരുടെ സമർപ്പിത സേവനവുമാണ്‌ ജയരാജന്റെ അവിശ്വസനീയമായ തിരിച്ച് വരവിന് പിന്നിൽ. രോഗിയുടെ ഇച്ഛാശക്തിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നൽകിയ കരുത്തും പ്രധാനമാണെന്ന്‌ പ്രിൻസിപ്പലും മെഡിക്കൽ സൂപ്രണ്ടും പറയുന്നു.

ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശ വിഭാഗം മേധാവിയുമായ പ്രൊഫ. ഡി.കെ മനോജ്‌, ഡെപ്യൂട്ടി സൂപ്രണ്ട് ‌(കാഷ്വാലിറ്റി) ഡോ. വിമൽ റോഹൻ, ആർ.എം.ഒ ഡോ. എം.എസ്‌ സരിൻ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. കെ സി രഞ്‌ജിത്ത്‌കുമാർ, കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ. എസ്‌ എം അഷ്‌റഫ്‌, കോവിഡ്‌ ചികിത്സാവിഭാഗം നോഡൽ ഓഫീസർ ഡോ. വി കെ പ്രമോദ്‌ എന്നിവരായിരുന്നു മെഡിക്കൽ ബോർഡിലെ മറ്റംഗങ്ങൾ.

 

Related posts

ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്; ഖാദി മേഖലക്കായി ജനകീയ ക്യാമ്പയിന്‍

Aswathi Kottiyoor

അതിഥി തൊഴിലാളികളെ പിടിച്ചു നിർത്താൻ കേരളത്തിന്റെ ശ്രമം……….

Aswathi Kottiyoor

കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ണാ​ട​ക​യു​ടെ ആ​ന​ക​ൾ: കേ​ര​ള കോ​ൺ​ഗ്ര​സ് -ബി

Aswathi Kottiyoor
WordPress Image Lightbox