പേരാവൂർ: താലൂക്ക് ആശുപത്രിയുടെ ഭൂമി സർക്കാർ ഉദ്യോഗസ്ഥൻ കൈയേറുകയും ആശുപത്രി സ്ഥലം പൊതുവഴിയായി ഉപയോഗിക്കുകയാണെന്നും പരാതി. കൈയേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് തഹസിൽദാർക്ക് കത്ത് നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രനാണ് ഇരിട്ടി തഹസിൽദാർക്ക് കത്ത് നൽകിയത്.
ആശുപത്രിയോട് ചേർന്നുള്ള സ്ഥലം ഉടമയായ സർക്കാർ ഉദ്യോഗസ്ഥനായ വ്യക്തി ആശുപത്രി സ്ഥലം കൈയേറി കെട്ടിടം നിർമിക്കുകയും ആശുപത്രിയുടെ രണ്ടു കെട്ടിടങ്ങൾക്കിടയിലുള്ള സ്ഥലം പൊതുവഴിയായി കാണിച്ച് അനുമതി വാങ്ങിയതായും സൂപ്രണ്ട് തഹസിൽദാർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രി ഭൂമി പൊതുവഴിയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്ന സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിന്മേൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരമാണ് സൂപ്രണ്ട് അടിയന്തര നടപടികൾക്കായി തഹസിൽദാരുടെ സഹായം തേടിയത്.
previous post