24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഉരുൾപൊട്ടൽ ദുരന്തം; കണക്ക് വിവാദത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം
Uncategorized

ഉരുൾപൊട്ടൽ ദുരന്തം; കണക്ക് വിവാദത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. കണക്കുകൾ തയ്യാറാക്കിയതിൽ വീഴ്ച പറ്റിയെന്നും യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ദുരന്തത്തെ അഴിമതിക്കുള്ള അവസരമാക്കി മാറ്റിയതിന്‍റെ തെളിവാണ് പുറത്തുവന്നതെന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം. വിവാദത്തിൽ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു മന്ത്രിമാരുടെ പ്രതികരണം.

ഓഗസ്റ്റ് രണ്ടാം വാരം കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും പിന്നാലെ സത്യവാങ്മൂലത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ നൽകുകയും ചെയ്ത മെമ്മോറാണ്ടത്തിൽ ഇനം തിരിച്ച് അവതരിപ്പിച്ച ചെലവ് കണക്കുകളാണ് അമ്പരപ്പിക്കുന്ന കണക്കുകളായി പുറത്തുവന്നത്. സൈന്യത്തിന്‍റെയും സന്നദ്ധ പ്രവർത്തകരുടെയും താമസത്തിന് 15 കോടി, ഭക്ഷണത്തിന് 10 കോടി തുടങ്ങി ടോർച്ചും കുടകളും റെയിൻ കോട്ടും വാങ്ങാൻ പോലും കോടികൾ ചെലവ് കാണിച്ചുള്ള കണക്കുകള്‍ വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

മെമ്മോറാണ്ടത്തിൽ ഉള്ളത് ചെലവ് കണക്കുകൾ അല്ലെന്നും ദുരന്ത പ്രതികരണ നിധിയിലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ ആവശ്യങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചെങ്കിലും സംഭവിച്ചത് ഗുരുതര വീഴ്ചയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയായിപ്പോയെന്നുമാണ് പ്രതിപക്ഷ വിമർശനം. മെമ്മോറാണ്ടത്തിൽ ആക്ച്വൽസ് എന്ന രീതിയിൽ അവതരിപ്പിച്ചത് എസ് ഡി ആർ എഫ് മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത ചെലവ് ഇനങ്ങളെയാണെന്നും അതിൽ പരമാവധി തുക ആവശ്യപ്പെടാനാണ് ശ്രമിച്ചതെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ സർക്കാർ യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്നാണ് ആവശ്യം.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എസ്റ്റിമേറ്റിലെ സന്നദ്ധ പ്രവർത്തകരുടെ ചിലവ് അത്ഭുതപ്പെടുത്തുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. സന്നദ്ധ പ്രവർത്തകരുടെ സേവനം സൗജന്യമാണ്. നടന്ന കാര്യങ്ങൾ എങ്ങിനെ എസ്റ്റിമേറ്റിൽ വരുമെന്ന് വ്യക്തമാക്കണം. മുൻ അനുഭവം ഉള്ളത് കൊണ്ടാണ് ജനങ്ങൾ സംശയിക്കുന്നതെന്നും കേന്ദ്ര സർക്കാർ നൽകിയ പണത്തിന്റെ കണക്ക് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആവശ്യപ്പെട്ട രീതിയിലുള്ള കണക്ക് കേരളം ഇതുവരെ നൽകിയിട്ടില്ലെന്നും ബിജെപി ആരോപിച്ചു.

ഒരേസമയം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനും ദുരിതബാധിതർക്കുള്ള കേന്ദ്രസഹായം തടയാനും ലക്ഷ്യമിട്ടുള്ള ഇരുതല മൂർച്ചയുള്ള വാൾ ആണ് ഈ വിവാദം എന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. ഉരുള്‍പ്പൊട്ടല്‍ ദുരന്ത കണക്ക് വിവാദത്തില്‍ അസത്യ പ്രചാരണമാണ് നടക്കുന്നത്. സർക്കാരിന്‍റെ വിശ്വാസ്യത തകർക്കുകയും കേന്ദ്ര ഫണ്ട് കിട്ടാത്തത് ധൂർത്ത് കാരണമാണെന്ന് വരുത്തി തീർക്കുകയാണ് ലക്ഷ്യമെന്നും റിയാസ് കുറ്റപ്പെടുത്തി. എന്നാൽ, വിവാദത്തിൽ മാധ്യമങ്ങളെ പഴിചാരുകയാണ് മന്ത്രി എം ബി രാജേഷ് ചെയ്തത്.

Related posts

മോദിയെ ന്യായീകരിച്ചു; സ്വന്തം നിഴലല്ലാതെ ഒന്നും അനിലിനു കൊണ്ടുപോകാൻ സാധിക്കില്ല: ഷാഫി

Aswathi Kottiyoor

ബൈക്കിൽ ഒരു കിലോ കഞ്ചാവുമായി വരുന്നതിനിടെ യുവാവിനെ എക്സൈസ് പിടികൂടി; ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു

Aswathi Kottiyoor

കൊക്കോ കർഷകർക്ക് സുവർണ കാലം

Aswathi Kottiyoor
WordPress Image Lightbox