22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഇരുകാലിനും സർജറി കഴിഞ്ഞു; ശ്രുതി ആശുപത്രിയിൽ തുടരുന്നു, അപകടത്തിൽ പരിക്കേറ്റ എട്ടുപേരും ചികിത്സയിൽ
Uncategorized

ഇരുകാലിനും സർജറി കഴിഞ്ഞു; ശ്രുതി ആശുപത്രിയിൽ തുടരുന്നു, അപകടത്തിൽ പരിക്കേറ്റ എട്ടുപേരും ചികിത്സയിൽ

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും അപകടത്തിൽ പ്രതിശ്രുത വരനും മരിച്ച ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ടു കാലുകളും ഒടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാൽ ശ്രുതിയെ ആശുപത്രിയുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളാരംകുന്നിൽ അപകടത്തിൽ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ജെൻസൺ ഓടിച്ചിരുന്ന വാൻ ബസ്സുമായി കൂട്ടിയിടിച്ചത്.

അതേസമയം, വാഹനപകടത്തിൽ അന്തരിച്ച ജെൻസന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. വയനാട് ഉരുൾപൊട്ടലിൽ കുടുംബം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജെൻസണും വിടവാങ്ങിയതിന്‍റെ ഹൃദയവേദനയോടെയാണ് നാടൊന്നാകെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. എങ്ങും അത്രമേൽ സങ്കടമായിരുന്നു അണപൊട്ടിയൊഴുകിയത്. മാതാപിതാക്കളും സഹോദരിയുമുൾപ്പെടെയുള്ളവർ ജെൻസണ് അന്ത്യ ചുംബനം നൽകിയാണ് യാത്രയാക്കിയത്. വീട്ടിൽ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചായിരുന്നു സംസ്കാരം നടന്നത്.

കൽപറ്റയിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ജെൻസൺ കഴിഞ്ഞ ദിവസം രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ചൂരൽമല ഉരുൾപ്പൊട്ടലിൽ അച്ഛനും അമ്മയും അനിയത്തിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസണ്‍. ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും നേരത്തെ തന്നെ എത്തിയിരുന്നു. അതിനിടയിലാണ് ഉരുൾപ്പൊട്ടൽ ദുരന്തം ശ്രുതിയുടെ ജീവിതത്തെ അപ്പാടെ ഇരുട്ടിലാക്കിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം, ശ്രുതിയുടെ ഉറ്റവരെല്ലാം ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെയാക്കാൻ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മറ്റൊരു ദുരന്തം കൂടിയെത്തി ശ്രുതിയെ തനിച്ചാക്കിയത്. ശ്രുതിക്ക് വേണ്ടി അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്നമെന്ന് പറഞ്ഞ് അവളുടെ കൈപിടിച്ചിരുന്ന, അവളെ ഒറ്റയ്ക്കാകാതെ കാത്തിരുന്ന ജെൻസൻ കൂടി യാത്രയായത് കേരളത്തിനാകെ വലിയ നോവായി മാറിയിട്ടുണ്ട്.

Related posts

രേഖകളില്‍ ഭൂവുടമകള്‍, കഴിയുന്നത് വാടക വീട്ടില്‍; ‘മരിച്ച മണ്ണില്‍’നിന്ന് മലയോര കര്‍ഷകരുടെ കൂട്ട പലായനം

Aswathi Kottiyoor

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നടപടി വരുമെന്ന് മന്ത്രി

Aswathi Kottiyoor

ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ’; മോദിയുടെ ഡിഗ്രി വിവാദത്തില്‍ ശരദ് പവാര്‍

Aswathi Kottiyoor
WordPress Image Lightbox