22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വെള്ളക്കെട്ട് ഒഴിവാക്കാൻ ‘ഐറിഷ് ഓട’, പണി പാളിയപ്പോൾ റോഡിൽ വൻ വെള്ളക്കെട്ട്, വീണ്ടും പൊളിച്ച് പണി
Uncategorized

വെള്ളക്കെട്ട് ഒഴിവാക്കാൻ ‘ഐറിഷ് ഓട’, പണി പാളിയപ്പോൾ റോഡിൽ വൻ വെള്ളക്കെട്ട്, വീണ്ടും പൊളിച്ച് പണി


തൊടുപുഴ: വെളളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് പണിത ഐറിഷ് ഓട അപാകത കാരണം നിർമ്മിച്ച് മാസങ്ങൾക്കകം പൊളിച്ചുമാറ്റുന്നു. തൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് ലക്ഷങ്ങൾ ചെലവാക്കി പണിത ഓട മൂന്നു മാസം കൊണ്ട് പൊളിച്ചുനീക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുളള ഒത്തുകളി മൂലമാണ് വീണ്ടും ഓട പണിയേണ്ടി വരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

തൊടുപുഴ – പൂമാല റോഡിൽ ആലക്കോട് കവലയിലെ വെളളക്കെട്ട് രൂക്ഷമായതോടെയാണ് ഐറിഷ് മാതൃകയിൽ ഓട പണിതുടങ്ങിയത്. റോഡിൻ്റെ നിരപ്പിന് സമാന്തരമായി വെളളം ഒഴുക്കി വഴി തിരിച്ചുവിടുന്ന മാതൃകയാണ് ഐറിഷ് ഓട. എന്നാൽ പണി പൂർത്തിയായതോടെ, റോഡിൽ വെളളം നിറയുന്ന സ്ഥിതിയാണുണ്ടായത്. പഴയതിലും വലിയ വെളളക്കെട്ട് രൂപപ്പെട്ടതോടെ നാട്ടുകാർ വാഴ നട്ടുൾപ്പെടെ സമരം നടത്തി.

ഇതോടെയാണ് പണിത ഓടയുടെ അപാകത പൊതുമരാമത്ത് വകുപ്പിന് മനസ്സിലായത്. മഴ മാറിനിന്നതോടെ, പുത്തൻ ഓട പൊളിച്ച് പൊതുമരാമത്ത് വകുപ്പ് വീണ്ടും പണി തുടങ്ങി. മാസങ്ങളുടെ വ്യത്യാസത്തിൽ വീണ്ടും ഓടപണി നടത്തുന്നത് പൊതുമരാമത്ത് വകുപ്പിൻ്റെ അഴിമതിയെന്നാണ് നാട്ടുകാരുടെ പരാതി. തുടക്കം മുതലേ, പ്രവൃത്തിയുടെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിട്ടും ഉദ്യോഗസ്ഥ‍ർ ശ്രദ്ധിച്ചില്ലെന്നും വകുപ്പ് മന്ത്രി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നത്.

എന്നാൽ ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് നൽകുന്ന വിശദീകരണമിങ്ങിനെയാണ്. കരാറുകാരന് വീഴ്ചയാണ്, പുതിയ എസ്റ്റിമേറ്റും പ്ലാനും പ്രകാരം ഓടയുടെ പണി ഉടൻ പൂർത്തിയാക്കും, ഉദ്യോഗസ്ഥതല പിഴവ് വന്നിട്ടില്ല. അപ്പോഴും, പാഴായ ലക്ഷങ്ങൾ ഏങ്ങിനെ ഈടാക്കുമെന്ന് തീരുമാനമായിട്ടില്ല.

Related posts

രോഗബാധിതനായ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Aswathi Kottiyoor

തേങ്ങമുട്ട് ചടങ്ങു് നടന്നു

Aswathi Kottiyoor

വാഹന വായ്പക്ക് അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox