22.6 C
Iritty, IN
November 1, 2024
  • Home
  • Uncategorized
  • ഉഷ്ണതരംഗം: സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി മന്ത്രി, ‘തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം’
Uncategorized

ഉഷ്ണതരംഗം: സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി മന്ത്രി, ‘തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം’

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം.

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലകളുടെ സാഹചര്യം ഇടയ്ക്കിടയ്ക്ക് വിലയിരുത്താനും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ ശ്രദ്ധിക്കണം. വെയിലില്‍ നിന്ന് തണലിലേക്ക് മാറി വിശ്രമിക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. ധാരാളം വെള്ളം കുടിക്കുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക/ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ചു ചികിത്സ തേടുക.
· രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.
· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
· പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
· ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
· കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കണം.
· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
· വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
· ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
· വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക.
· ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.

Related posts

ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

Aswathi Kottiyoor

തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

Aswathi Kottiyoor

ഇനിയും കാണാമറയത്ത് 78 പേര്‍, മൂന്ന് ഗ്രാമങ്ങളെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

Aswathi Kottiyoor
WordPress Image Lightbox