ഇരിട്ടി: നഗരത്തെ മാലിന്യ മുക്തമാക്കുന്നതിനും മാലിന്യ സംസ്‌ക്കാരണ കേന്ദ്രം ശാസ്ത്രീയമായി വികസിപ്പിക്കുന്നതിന്റെയും ഭാഗമായി ഇരിട്ടി നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിൽ തുമ്പൂർ മുഴി മാലിന്യ സംസ്‌ക്കരണം യാഥാർത്ഥ്യമാക്കി.നഗരസഭയുടെ 2022-23 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവിലാണ് തുമ്പൂർ മുഴി ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് യാഥാർത്ഥ്യമാക്കിയത്.
നേരത്തെ നഗരത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളിൽ നിന്നും ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ച് ജൈവ മാലിന്യങ്ങൾ സംസ്‌ക്കരണ കേന്ദ്രത്തിൽ കുഴികളിൽ നിക്ഷേപിച്ച് ജൈവവളമാക്കി മാറ്റുകയായിരുന്നു. കുഴികളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കാക്കകളും തെരുവുനായിക്കളും വിലിച്ചിഴച്ച് പ്രദേശം ദുർഗന്ധപൂരിതമായിരുന്നു. നഗരം വികസിച്ചതോടെ സംസ്‌ക്കരണ ശേഷിയിലും കൂടുതൽ മാലിന്യം സംസ്‌ക്കരണ കേന്ദ്രത്തിൽ എത്തുകയും ഇവ ദിവസങ്ങളോളം കൂട്ടിയിട്ട് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
തുമ്പൂർ മുഴി മാലിന്യ സംസ്‌ക്കരണം വഴി പത്ത് ടൺ വരെ ജൈവ മാലിന്യങ്ങൾ സംസ്‌ക്കരിക്കാൻ ശേഷിയുണ്ട്. ഒരുടൺ സംസ്‌ക്കരണ ശേഷിയുള്ള പത്ത് സംസ്‌ക്കരണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പച്ചിലയും ജൈവമാലിന്യങ്ങളും ഇടകലർത്തിയിട്ട് സുഷ്മാണു ജീവികളുടെ സഹായത്താൽ 25 ദിവസംകൊണ്ട് ജൈവവളമാക്കി മാറ്റിയെടുക്കുന്ന സംവിധാനമാണിത്. കാര്യമായ ദുർഗന്ധമോ മറ്റ് പ്രശ്‌നങ്ങളോ ഇതുമൂലം ഉണ്ടാകുന്നില്ല.
നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത പ്ലാന്റ് ഉദ്ഘാടനം ചെയ്തു. വൈസ്. ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.സോയ, കെ.സുരേഷ്, എ.കെ രവീന്ദ്രൻ, അംഗങ്ങളായ കെ.മുരളീധരൻ, എൻ.കെ ഇന്ദുമതി, വി.പി അബ്ദുൾ റഷീദ്, പി.രഘു, പി.ഫൈസൽ, വി.ശശി, സി.കെ അനിത, അബ്ദുൾ റഹ്മാൻ കോമ്പിൽ നഗരസഭാ സെക്രട്ടറി രാകേഷ് പലേരി വീട്ടിൽ, ക്ലീൻ സിറ്റി മാനേജർ രാജീവൻ, കെ.എസ്. ഡബ്യൂ.എം.പി എഞ്ചിനീയർ പ്രിൻസിമോൾ തുടങ്ങിയവർ സംസാരിച്ചു.
ലോകബാങ്കിന്റെ സഹായത്തോടെയുള്ള ബയോമൈനിംങ്ങ് മാലിന്യ സംസ്്ക്കരണ പദ്ധതിൽ ഇരിട്ടി നഗരസഭയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി ഉപയോഗിക്കുന്ന ജൈവ സംസ്‌ക്കരണ കേന്ദ്രം ഇതിനായി പ്രയോജനപ്പെടുത്തു. അഞ്ചുകോടി രൂപയാണ് ബായോ മൈനിംങ്ങ് മാലിന്യ സംസ്‌ക്കരണ പദ്ധതിക്കായി നഗരസഭയ്ക്ക് ലഭിക്കുക. സാധ്യാത പഠന റിപ്പോർട്ട് അംഗീകരിക്കുന്ന മുറക്ക് പദ്ധതി ടെണ്ടർ ചെയ്യും. സംസ്‌ക്കരണ കേന്ദ്രത്തിൽ കുമിഞ്ഞ് കൂടിയ മാലിന്യം ഒഴിവാക്കുന്നതിന് 35 ലക്ഷം രൂപയുടെ പദ്ധതിക്കും ഉടൻ അനുമതി ലഭിക്കും.