മാഹി സെന്റ് തെരേസ തീർഥാടന കേന്ദ്രം തിരുനാൾ മഹോത്സവത്തിന്റെ ജാഗര ദിനങ്ങളായ 14, 15 ദിവസങ്ങളിൽ ഭക്തജന തിരക്ക് കണക്കിലെടുത്ത് പുതുച്ചേരി പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. സെമിത്തേരി റോഡ് കവല മുതൽ ആശുപത്രി കവല വരെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു.
14ന് മാഹി ടൗണിൽ മദ്യഷാപ്പുകൾ അടച്ചിടും. അനധികൃത മദ്യവിൽപന തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, സർക്കിൾ ഇൻസ്പെക്ടർ ആർ. ഷൺമുഖം എന്നിവർ അറിയിച്ചു
തലശ്ശേരി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്, ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പഴയ പോസ്റ്റ് ഓഫിസ് കവലയിൽനിന്ന് ഇടതു വശത്തുള്ള മുണ്ടോക്ക് ബുൽവാർഡ് റോഡിലൂടെ ഇൻഡോർ സ്റ്റേഡിയം, റെയിൽവേ സ്റ്റേഷൻ വഴി അഴിയൂർ ചുങ്കത്ത് എത്തുന്ന വിധത്തിൽ പോകണം.
വടകര ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആശുപത്രി കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് മൈതാനം റോഡിലൂടെ ടാഗോർ പാർക്ക്, മാഹി പാലം വഴി പോകണം. വാർത്തസമ്മേളനത്തിൽ എസ്.ഐ.മാരായ സി.വി. റെനിൽകുമാർ, പി. പ്രദീപൻ, കെ.സി. അജയകുമാർ, പി.പി. ജയരാജ്, കെ. രാധാകൃഷ്ണൻ, ആർ. മോഹൻദാസ്, ആർ. ജയശങ്കർ എന്നിവർ സംബന്ധിച്ചു.
റോഡരികിൽ വാഹന പാർക്കിങ് വേണ്ട
നഗരത്തിൽ റോഡരികിൽ വാഹന പാർക്കിങ് അനുവദിക്കില്ല. മാഹി മൈതാനത്ത് (കോളജ് ഗ്രൗണ്ട്) നഗരസഭ പാർക്കിങ് ഫീസ് ഈടാക്കി പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന് തെക്ക് വശം (ഗവ. ഗസ്റ്റ്
ഹൗസിനായി നീക്കിവെച്ച സ്ഥലം) എന്നിവിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പോക്കറ്റടി തടയാൻ പ്രത്യേക ക്രൈം സ്ക്വാഡ്
പുതുച്ചേരിയിൽനിന്ന് തിരുനാൾ ഡ്യൂട്ടിക്കായി കുടുതൽ സേനാംഗങ്ങളെ വിന്യസിച്ചു. പോക്കറ്റടി, മോഷണം, ചൂതാട്ടം എന്നിവ തടയാൻ പ്രത്യേക ക്രൈം സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. മാഹിയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പൊതു ഇടങ്ങളിലുമായി 10 സി.സി കാമറകൾ സ്ഥാപിച്ചു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ, കടലാസ് പൊതികൾ, ബാഗ് മറ്റ് സാമഗ്രികൾ അനുവദിക്കുന്നതല്ല.
സെൽഫിയെടുക്കുന്നത് നിരോധിച്ചു. ക്രമസമാധാന പാലനത്തിന് പ്രത്യേക വാച്ച് ടവറും ഏർപ്പെടുത്തിയിട്ടുണ്ട്. മാഹിയിൽ പൊലീസിനെ സഹായിക്കാൻ കേരള പൊലീസ് ബോംബ് സ്വകാഡ് സേവനം ലഭ്യമാക്കും.