തിരുവനന്തപുരം∙ മുദാക്കൽ ചെമ്പൂര് കളിക്കൽ കുന്നിൻ വീട്ടിൽ നിഷയെ(35) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അഴൂർ സ്വദേശി സന്തോഷിന് (37) ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ തുക ഒടുക്കിയില്ലങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം. പിഴ തുക കൊല്ലപ്പെട്ട നിഷയുടെ മകൾ സനീഷയ്ക്ക് നൽകണമെന്നും തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടു.
മദ്യപിച്ചു വന്ന് ഭാര്യ നിഷയെ ഉപദ്രവിച്ചതിന് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ് കൊലപാതകത്തിനു കാരണം. 2011 ഒക്ടോബർ 27 നായിരുന്നു സംഭവം. ഭർത്താവ് സന്തോഷ് സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ചു വന്ന് നിരന്തരം നിഷയെ ദേഹോപദ്രവം ചെയ്യുമായിരുന്നു. സംഭവത്തിനു തലേദിവസം നിഷ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് സന്തോഷിനെ തിരഞ്ഞ് പൊലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് അന്ന് വീട്ടിൽനിന്നു മാറി നിന്നശേഷം പിറ്റേ ദിവസം രാവിലെ ഏഴ് മണിയോടെ നിഷയുടെ വീട്ടിലെത്തി നിഷയുമായി വഴക്കിട്ടു. നിഷയുടെ മാതാവ് രാധയും സഹോദരി രമ്യയും വീട്ടിലുള്ളത് കാരണം സന്തോഷ് മടങ്ങി.നിഷയുടെ സഹോദരി ജോലിക്കും അമ്മ രാധ വീട്ടുസാധനങ്ങൾ വാങ്ങാനും പോയതിനുശേഷം രാവിലെ പത്തുമണിയോടെ നിഷയുടെ വീട്ടിലെത്തിയ സന്തോഷ് വീടിന്റെ മുൻവശത്ത് തുണി അലക്കിക്കൊണ്ടുനിന്നിരുന്ന നിഷയെ കമ്പിപ്പാര ഉപയോഗിച്ചു തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെട്ട നിഷയുടെ മകൾ സനീഷ, അയൽവാസി സുനിത എന്നിവരായിരുന്നു കേസിലെ പ്രധാന ദൃക്സാക്ഷികൾ. അച്ഛൻ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത് കണ്ടുവെന്ന് മകൾ സനീഷയും തറയിൽ വീണ നിഷയെ വീണ്ടും സന്തോഷ് മർദ്ദിക്കുന്നതു കണ്ടുവെന്ന് അയൽവാസി സുനിതയും കോടതി മുമ്പാകെ മൊഴി നൽകി.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, ദേവിക മധു, അഖിലാ ലാൽ എന്നിവർ ഹാജരായി. ആറ്റിങ്ങൽ പൊലീസ് മുൻ സർക്കിൾ ഇൻസ്പക്ടറും ഇപ്പോൾ ഡിസിആർബി ഡിവൈഎസ്പിയുമായ ബി.അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.