23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • പുതുപ്പള്ളി: തിരക്കിട്ട സ്ഥാനാർഥി ചർച്ചകൾക്ക് കോൺഗ്രസ് മുതിരില്ല
Uncategorized

പുതുപ്പള്ളി: തിരക്കിട്ട സ്ഥാനാർഥി ചർച്ചകൾക്ക് കോൺഗ്രസ് മുതിരില്ല

തിരുവനന്തപുരം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ സംബന്ധിച്ചു തിരക്കിട്ട ആലോചനയ്ക്കോ പ്രഖ്യാപനത്തിനോ കോൺഗ്രസ് നേതൃത്വം മുതിരില്ല. കെപിസിസി സംഘടിപ്പിക്കുന്ന ഇന്നത്തെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിനു ശേഷം പ്രധാന നേതാക്കൾ കൂടിയാലോചന നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കണം എന്നതു സംബന്ധിച്ച പ്രാഥമിക ആശയ വിനിമയത്തിനു വേണ്ടിയാണ് ആ യോഗം. പി.ടി.തോമസിന്റെ നിര്യാണത്തിനു ശേഷം ഉമ തോമസിനെ സ്ഥാനാർഥിയായി തീരുമാനിക്കുന്നതു തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴാണ്. അതേ മാതൃക പുതുപ്പള്ളിയുടെ കാര്യത്തിലും അവലംബിക്കാനാണു സാധ്യത കൂടുതൽ.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് അവർ നിർദേശിക്കുന്ന ആളെ സ്ഥാനാർഥിയാക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആദ്യം പ്രതികരിച്ചതും ചാണ്ടിയാണ് അനന്തരാവകാശി എന്നു ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചതും അനവസരത്തിലുള്ള അനാവശ്യ പ്രതികരണങ്ങളായാണു കോൺഗ്രസ് നേതൃത്വത്തിലെ ഭൂരിപക്ഷവും വിലയിരുത്തുന്നത്. കുടുംബവുമായി ചർച്ച നടത്തുകയും അവരുടെ അഭിപ്രായം പരിഗണിക്കുകയും ചെയ്യും എന്നതിൽ ആർക്കും തർക്കമില്ല. അങ്ങനെ പറയാനാണ് ഉദ്ദേശിച്ചതെന്നും ചോദ്യങ്ങളോടു പ്രതികരിച്ചപ്പോൾ വന്ന വ്യാഖ്യാനമാണ് മറ്റെല്ലാം എന്നുമാണു നേതാക്കളോടു സുധാകരൻ വിശദീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുളള നേതാക്കളുടെ അഭ്യർഥന പ്രകാരമാണു സുധാകരൻ നിലപാട് പിന്നീട് വിശദീകരിച്ചതുംഉമ്മൻ ചാണ്ടിയുടെ വിയോഗവും അതു സൃഷ്ടിച്ചിരിക്കുന്ന ശൂന്യതയും സമാനതകളില്ലാത്ത വിലാപയാത്രയുമാണ് ഇപ്പോൾ കെപിസിസിക്കു മുന്നിലുള്ളത്. കേരളത്തിലെ പാർട്ടിയെ നയിക്കാനും പ്രതിസന്ധികളെ കൈകാര്യം ചെയ്യാനും ഉമ്മൻ ചാണ്ടി ഇല്ല എന്നതിനോടു പലരും പൊരുത്തപ്പെടുന്നതേയുള്ളൂ. കോൺഗ്രസ് പ്രവർത്തകരും അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളും ആ വികാരത്തിലാണെന്നിരിക്കെ സ്ഥാനാർഥി ചർച്ചകളും വിവാദങ്ങളും ഒഴിവാക്കിയേ തീരൂവെന്ന നിലപാടിലാണു നേതൃത്വം.

യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്ലിന്റെ ചെയർമാൻ കൂടിയായ ചാണ്ടി ഉമ്മൻ സ്ഥാനാർഥി ആകാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. എന്നാൽ ഈ ഘട്ടത്തിൽ ആ ചർച്ചകൾ കുടുംബത്തിനു തന്നെ ഉൾക്കൊള്ളാവുന്നതായി നേതൃത്വം കരുതുന്നില്ല. ഒൻപതാം ദിന ചടങ്ങുകൾ പോലും കഴിയുന്നതിനു മുൻപ് അഭിപ്രായ പ്രകടനങ്ങൾ ഉചിതമല്ലെന്നാണ് ചാണ്ടി ഉമ്മനും അഭിപ്രായപ്പെട്ടത്.

കെപിസിസി സംഘടിപ്പിക്കുന്ന ഇന്നത്തെ അനുസ്മരണ പരിപാടിയിൽ കുടുംബത്തെ പ്രതിനിധീകരിച്ചു ചാണ്ടി ഉമ്മൻ പങ്കെടുക്കും. പുതുപ്പള്ളിയിൽ തുടങ്ങിവയ്ക്കേണ്ട സംഘടനാപരമായ തയാറെടുപ്പുകൾക്കായാണ് പ്രധാന നേതാക്കൾ യോഗം ചേരുന്നത്. കുടുംബവുമായുള്ള ചർച്ചകൾക്കും പ്രമുഖരായ നേതാക്കളെ നിയോഗിച്ചിട്ടുണ്ട്.

Related posts

മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു

Aswathi Kottiyoor

ചാക്കോ വധത്തിന് കാരണമായ സുകുമാരക്കുറുപ്പിന്‍റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം: സര്‍ക്കാരിനോട് പഞ്ചായത്ത്

Aswathi Kottiyoor

വെള്ളം കോരുന്നതിനിടെ കാൽ വഴുതി റിട്ടയേർഡ് വനിതാ പ്രൊഫസർ 45 അടി ആഴമുള്ള കിണറ്റിൽ വീണു; രക്ഷകരായി അഗ്നിശമന സേന

Aswathi Kottiyoor
WordPress Image Lightbox