24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം
kannur

കണ്ണൂർ നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം

കണ്ണൂർ
കണ്ണൂർ നഗരത്തിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാതെ കോർപ്പറേഷൻ. ന​ഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഇടവഴികളിലും ജങ്ഷനുകളിലും നായകൾ കൂട്ടമായി വിഹരിക്കുന്നു. വാഹനയാത്രക്കാർ
ഭയത്തോടെയാണ് രാത്രി റോഡിലേക്കിറങ്ങുന്നത്. നായകൾ വാഹനങ്ങൾക്ക് കുറുകെ ചാടി നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. തെക്കീബസാർ, താളിക്കാവ്, തായെത്തെരു, കാനത്തൂർ, പയ്യാമ്പലം, പഞ്ഞിക്കയിൽ, കക്കാട്, പുഴാതി, നീർച്ചാൽ, പടന്ന, കുറുവ, വെത്തിലപള്ളി ഡിവിഷനുകളിലും നായശല്യം രൂക്ഷം. പേവിഷ ബാധയേറ്റ നായ നിരവധിപേരെ കടിക്കുന്ന സാഹചര്യമുണ്ടായിട്ടും അധികൃതർ മൗനം പാലിക്കുന്നു. കൗൺസിൽ യോഗത്തിൽ വിഷയം കൗൺസിലർമാർ നിരന്തരം ഉന്നയിച്ചെങ്കിലും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുന്നില്ല. ആനിമൽ ബെർത്ത് കൺട്രോൾ പദ്ധതിയും പേവിഷ പ്രതിരോധ വാക്സിനേഷനും കോർപ്പറേഷനിൽ യഥാസമയം നടത്തുന്നില്ലെന്ന് വ്യാപക പരാതിയാണ് ഉയരുന്നത്. ജില്ലാ പഞ്ചായത്ത്‌ സഹകരണത്തോടെയാണ് എബിസി പദ്ധതി നടപ്പാക്കിയിരുന്നത്. നിലവിൽ നായകളെ പിടികൂടാൻ കോർപ്പറേഷൻ പരിധിയിൽ ജീവനക്കാരെ നിയോഗിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത്‌ നേതൃത്വത്തിൽ നായകളെ പിടികൂടി പടിയൂരിലെ എബിസി കേന്ദ്രത്തിൽ എത്തിച്ച് വന്ധീകരണം നടത്തുന്നുണ്ട്.
ന​ഗരത്തിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം ഭക്ഷിക്കാൻ നായകൾ കൂട്ടത്തോടെ എത്തുകയാണ്‌. പഴയ ബസ്‌സ്‌റ്റാൻഡ്‌ നായകളുടെ വിഹാരകേന്ദ്രമായി. പയ്യാമ്പലം ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളും നായശല്യത്തിൽ പൊറുതിമുട്ടുന്നു.
തെരുവ്‌ നായകളെ പിടികൂടാൻ അടിയന്തര നടപടിവേണം
മുഴപ്പിലങ്ങാട്‌ പഞ്ചായത്തിൽ അലഞ്ഞുതിരിയുന്ന നായകളെ പിടികൂടാൻ അടിയന്തര നടപടിവേണമെന്ന്‌ പഞ്ചായത്ത്‌ ഭരണസമിതി. പഞ്ചായത്തിലുള്ള നൂറുനായകളെ പിടികൂടാൻ ഉടൻ നടപടിയെടുക്കണമെന്നും യോഗം ജില്ലാ പഞ്ചായത്തിനോട്‌ ആവശ്യപ്പെട്ടു. ഞായറാഴ്‌ച മുഴപ്പിലങ്ങാട്‌ പതിനൊന്നുകാരൻ തെരുവുനായകളുടെ കടിയേറ്റുമരിച്ച സാഹചര്യത്തിലാണ്‌ ഭരണസമിതി അടിയന്തരയോഗം ചോർന്നത്‌.
എബിസി പദ്ധതിക്കായി 2022–-23 വർഷത്തിൽ ഒന്നര ലക്ഷം രൂപ പഞ്ചായത്ത്‌ ജില്ലാ പഞ്ചായത്തിന്‌ നൽകി. നൂറ്‌ നായകളെ പിടിക്കാനുള്ള തുകയാണിത്‌. തെരുവുനായ ആക്രമണം തടയാൻ എടുക്കേണ്ട പ്രതിരോധ നടപടികളും യോഗത്തിൽ തീരുമാനിച്ചു. പൂട്ടിയിടുന്ന വീടുകളുടെയും നിർമാണത്തിലിരിക്കുന്ന വീടുകളുടെയും ഗേറ്റുകൾ സ്ഥിരമായി അടച്ചിടണം.
നിർമാണത്തിലിരിക്കുന്ന വീടുകൾക്കുള്ളിലേക്ക്‌ നായകൾ പ്രവേശിക്കാതിരിക്കാൻ താൽക്കാലിക വാതിലുകൾ വയ്‌ക്കണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കും. അക്രമാസക്തരായ നായകളെ പിടിച്ച്‌ സൂക്ഷിക്കാനുള്ള കൂടുകൾ പഞ്ചായത്ത്‌ പരിധിയിൽതന്നെ സ്ഥാപിക്കണം.
പട്ടിപിടിത്തത്തിൽ താൽപര്യമുള്ളവർക്കായി പരിശീലന ക്ലാസ്‌ നടത്താനും യോഗം തീരുമാനിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സജിത അധ്യക്ഷയായി. മൃഗസംരക്ഷണവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി പ്രശാന്ത്‌, ഡോ. സൂര്യ, പഞ്ചായത്ത്‌ സെക്രട്ടറി കെ സ്‌മിത തുടങ്ങിയവർ പങ്കെടുത്തു.
7 നായകളെകൂടി പിടികൂടി
മുഴപ്പിലങ്ങാട്‌ പതിനൊന്നുകാരൻ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രദേശത്ത്‌ പ്രതിരോധനടപടികളുമായി മൃസംരക്ഷണ വകുപ്പ്‌. ചൊവ്വാഴ്‌ച ഏഴ്‌ നായകളെകൂടി പിടിച്ച്‌ പടിയൂർ എബിസി കേന്ദ്രത്തിലേക്ക്‌ മാറ്റി. തിങ്കളാഴ്‌ച പിടിച്ച ആറ്‌ നായകളെ വന്ധ്യംകരണ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കി. മുഴപ്പിലങ്ങാട്‌ പ്രദേശത്ത്‌ ബുധനാഴ്‌ചയും മൃഗസംരക്ഷണ വകുപ്പ്‌ നേതൃത്വത്തിൽ നായകളെ പിടിക്കും.

Related posts

പാനൂര്‍ മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ സമാധാന സന്ദേശ യാത്ര

Aswathi Kottiyoor

മ​ല​ബാ​റി​ന്‍റെ വ​ലി​യ ഇ​ട​യ​ൻ എഴു​പ​ത്ത​ഞ്ചി​ന്‍റെ നി​റ​വി​ൽ

Aswathi Kottiyoor

തട്ടുകട തുറക്കില്ല; വർക്ക് ഷോപ്പ് ആഴ്ചയിൽ 2 ദിവസം; വീട്ടിൽ നിയന്ത്രണം വേണം, കിറ്റ് അടുത്ത ആഴ്ചമുതൽ: മുഖ്യമന്ത്രി…………

WordPress Image Lightbox