കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിലേക്ക് തീർഥാടക പ്രവാഹം. ഞായറാഴ്ച അക്കരെ ക്ഷേത്രപരിസരത്തും തിരുവഞ്ചിറയിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വയനാട് ജില്ലയിലെ ബോയ്സ് ടൗൺ മുതൽ കൊട്ടിയൂർ അമ്പലംവരെയുള്ള ഒമ്പത് കിലോമീറ്റർ ചുരം വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി.
വാരപീടിക-–-മഞ്ഞളാംപുറം റോഡും, പേരാവൂർ-–-കൊട്ടിയൂർ റോഡും കേളകം –-കൊട്ടിയൂർ അമ്പലം വരെയുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇക്കരെ അമ്പലപരിസരത്തും മന്ദംചേരിയിലുമുൾപ്പെടെ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇക്കുറി ദേവസ്വം സൗകര്യമൊരുക്കിയിരുന്നു. എന്നാൽ, എല്ലായിടവും വാഹനങ്ങൾ നിറഞ്ഞു. പ്രദേശവാസികൾ അവരുടെ വീട്ടുമുറ്റവും പറമ്പുകളും വാഹനങ്ങൾ നിർത്താൻ സൗകര്യം നൽകിയിരുന്നു. അക്കരെ ക്ഷേത്രത്തിലേക്ക് കടക്കുന്ന മൂന്ന് വഴികളും ഇട ബാവലിയും ജനം തിങ്ങിനിറഞ്ഞു. പൊലീസ് ഗതാഗതം നിയന്ത്രിക്കാൻ ഏറെ പണിപ്പെട്ടു.