24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് നവജാത ശിശുവിനെ 3 ലക്ഷം രൂപയ്‌ക്ക് വിറ്റ സംഭവം; അമ്മ അറസ്റ്റിൽ
Uncategorized

തിരുവനന്തപുരത്ത് നവജാത ശിശുവിനെ 3 ലക്ഷം രൂപയ്‌ക്ക് വിറ്റ സംഭവം; അമ്മ അറസ്റ്റിൽ

തിരുവനന്തപുരം∙ തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. മാരായമുട്ടത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് അഞ്ജുവിനെ പിടികൂടിയത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനി ലാലിക്ക് എതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

തലസ്ഥാനത്തെ ഏറ്റവും പ്രധാന സർക്കാർ ആശുപത്രികളിലൊന്നായ തൈക്കാട് ആശുപത്രിയിൽ കഴിഞ്ഞ മാസമാണ് നവജാത ശിശുവിന്റെ വിൽപന അരങ്ങേറിയത്. ഏഴിന് ഉണ്ടായ പെൺകുട്ടിയെ നാലാം ദിവസം ആശുപത്രിയിൽവച്ചു തന്നെ വിൽക്കുകയായിരുന്നു. പിന്നീട് തമ്പാനൂരിലെ ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെടുത്തതും സിഡബ്ല്യുസിയുടെ സംരക്ഷണയിലാക്കിയതും.

ഇടപാടിന് ഇടനില നിന്ന യുവാവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് നെടുമങ്ങാട് പുല്ലമ്പാറ ചുള്ളാളം ആയിരവല്ലി ശിവ ക്ഷേത്രത്തിന് സമീപം റോഡരികത്ത് പുത്തൻകരവീട്ടിൽ ജിത്തു(27)വിനെ ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം, നവജാത ശിശുവിനെ അമ്മയിൽ നിന്നു വിലയ്ക്കു വാങ്ങിയ കേസിലെ പ്രതിയായ യുവതിക്കു മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയുടെ വെക്കേഷൻ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബാലനീതി നിയമത്തിലെ 75, 80, 81 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.

Related posts

ഒരേ സ്ഥലത്ത് നിന്ന് 2 ദിവസങ്ങളിലായി എത്തി; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ ബിസ്ക്കറ്റുകൾ, കയ്യോടെ പൊക്കി

സഹകരണ ബാങ്കിന്റെ സർവർ ഹാക്ക് ചെയ്ത നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം നൽകി: യുവതി അറസ്റ്റിൽ

Aswathi Kottiyoor

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഫോട്ടോകൾ കൂട്ടുകാർക്കയച്ച് ഭീഷണിപ്പെടുത്തി: ആളൂരിൽ ട്യൂഷൻ സെന്‍റർ ഉടമ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox