22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പേവിഷ വാക്സീൻ: തമിഴ്നാട് കൈവിട്ടു; വെട്ടിലായി മെഡിക്കൽ സർവീസ് കോർപറേഷൻ
Uncategorized

പേവിഷ വാക്സീൻ: തമിഴ്നാട് കൈവിട്ടു; വെട്ടിലായി മെഡിക്കൽ സർവീസ് കോർപറേഷൻ


കോഴിക്കോട് ∙ പേവിഷ വാക്സീൻ ക്ഷാമം നേരിടാൻ 4 തവണ കേരളത്തിന്റെ സഹായത്തിനെത്തിയ തമിഴ്നാട് ഒടുവിൽ കൈമലർത്തിയതോടെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ പ്രതിസന്ധിയിൽ. ഇതോടെ 78.40 ലക്ഷം രൂപ അധികം നൽകി അടിയന്തരമായി 70,000 വെയ്ൽ ഇക്വീൻ ആന്റി റേബീസ് ഇമ്യൂണോഗ്ലോബുലിൻ വാക്സീൻ വാങ്ങേണ്ട അവസ്ഥയിലാണു കോർപറേഷൻ. സമയത്തിന് ഓർഡർ നൽകാതിരുന്ന ഉദ്യോഗസ്ഥ വീഴ്ചയാണ് ഈ നഷ്ടത്തിന് കാരണം. എന്നാൽ, രാഷ്ട്രീയസ്വാധീനം മൂലം ഇതിനെതിരെ ഒരു നടപടിയും കൈക്കൊള്ളാൻ ആരോഗ്യവകുപ്പ് തയാറായിട്ടില്ല.

നിലവിൽ സ്റ്റോക്ക് തീരാറായതിനാൽ ഇതുവരെ കടം വാങ്ങിയ 35,000 വെയ്‌ൽ തിരികെ നൽകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ 24 നു മുൻപ് ഓർഡർ നൽകിയിരുന്നെങ്കിൽ വെ‌യ്‌ലിന് 152.46 രൂപ വീതം 1,42,938 വെയ്‌ൽ നൽകാൻ ഹൈദരാബാദ് കമ്പനി സമ്മതം അറിയിച്ചിരുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥർ നടപടികൾ വൈകിച്ചു. 3 ആഴ്ച കഴിഞ്ഞ് ഓർഡർ ചെന്നപ്പോൾ പുതുക്കിയ വിലയായ 264.60 രൂപ വീതം നൽകിയാൽ വാക്സീൻ എത്തിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് കമ്പനി അറിയിച്ചത്. പുതിയ ടെൻഡറിലും ഏറ്റവും കുറഞ്ഞ തുകയായി ഇതുതന്നെ വന്നതിനാൽ അത് അംഗീകരിച്ച് കാരുണ്യ ഫാർമസി വഴി വാങ്ങുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് സൂചന.

കുടിശിക 464 കോടി: എംഡിയും ഇല്ല

മരുന്ന് നൽകിയ കമ്പനികൾക്ക് 464 കോടി രൂപയാണ് കോർപറേഷൻ നൽകാനുള്ളത്. അവശ്യ മരുന്ന് ഇനത്തിൽ 313 കോടിയും കാരുണ്യ ഫാർമസിയിൽ നിന്ന് 151 കോടിയും. എന്നാൽ മാനേജിങ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കാൻ പോലും ആളില്ലാതെ വിയർക്കുകയാണ് കോർപറേഷൻ. കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയ മൃൺമയീ ജോഷിക്കു പകരം കേശവേന്ദ്ര കുമാറിനെ നിയമിച്ചെങ്കിലും അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറായ ജീവൻ ബാബുവിനെ എംഡി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അദ്ദേഹവും എത്തിയിട്ടില്ല.

Related posts

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ യുവാവിന് വെട്ടേറ്റു; കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതാണ് കാരണമെന്ന് സൂചന; അന്വേഷണം ആരംഭിച്ച് പൊലീസ്

Aswathi Kottiyoor

വിജിൻ എംഎൽഎയുടെ പരാതി; കണ്ണൂർ ടൗൺ എസ്‌ഐ പി.പി ഷമീൽ അവധിയിൽ പ്രവേശിച്ചു

Aswathi Kottiyoor
WordPress Image Lightbox