കണ്ണൂർ: ഇരിട്ടി താലൂക്കിലെ കണിച്ചാർ മേഖലയിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സമർപ്പിച്ച പഠനറിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്താൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചു.
കണിച്ചാർ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന ശ്രീലക്ഷ്മി, ന്യൂ ഭാരത് എന്നീ പാറമടകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരാനും തീരുമാനമായി.
എൻഐടി, ഐഐടി തുടങ്ങിയ ഏജൻസികളുടെ പഠനത്തിനു വിധേയമായി മാത്രമേ പാറമടകൾ തുടർന്ന് തുറന്നുപ്രവർത്തിക്കുവാൻ അനുവാദം നൽകേണ്ടതുള്ളൂവെന്നും യോഗം തീരുമാനിച്ചു.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളറ പണിയ കോളനി, മേലെ വെള്ളറ കുറിച്യ കോളനി എന്നിവിടങ്ങളിലേക്കുള്ള വഴിയിലെ തകർന്ന പാലങ്ങൾ പുനർനിർമിക്കാൻ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മുഖേന പ്രൊപ്പോസൽ സമർപ്പിക്കാൻ തീരുമാനിച്ചു.
മേഖലയിൽ ഉരുൾപൊട്ടലിൽ തകർന്നതും ഉപയോഗ്യശൂന്യമായതുമായ മറ്റു പാലങ്ങൾ ഏതു വകുപ്പിന് കീഴിലാണെന്ന് ഉറപ്പുവരുത്തി പുനർനിർമാണ പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് സമർപ്പിക്കും. ഇതിനായി പഞ്ചായത്ത്, പൊതുമരാമത്ത് പാലങ്ങൾ എന്നീ വകുപ്പുകളെ ചുമതലപ്പെടുത്തി.
ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട ഭൂമിയുടെ കൃത്യമായ തോത് കണക്കാക്കി നാശനഷ്ടം ലഭ്യമാക്കാനാവശ്യമായ നിർദേശം സർക്കാരിലേക്ക് സമർപ്പിക്കും. നഷ്ടപ്പെട്ട ഭൂമിയുടെ കൃത്യമായ കണക്ക് ലഭ്യമാക്കാനായി റവന്യൂ, പഞ്ചായത്ത്, കൃഷി വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും. ഉരുൾപൊട്ടലിനെ തുടർന്ന് ക്യാമ്പുകളിൽ താമസിക്കുകയും മാറിത്താമസിക്കുകയും ചെയ്തവർക്ക് ആശ്വാസധനസഹായം അനുവദിക്കാനുള്ള നിർദേശം യോഗം അംഗീകരിച്ചു.
ഉരുൾപൊട്ടലിനെത്തുടർന്ന് വെള്ളവും ചെളിയും കയറിയ വീടുകൾക്ക് ദുരിതാശ്വാസത്തിനായി നൽകിയ അപേക്ഷകളിൽ നിരസിക്കപ്പെട്ടവയിൽ പുനഃപരിശോധനയ്ക്ക് നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി.
ഉരുൾപൊട്ടൽ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പഠനറിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പ്രാദേശികമായി ചേരും. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.