കൊട്ടിയൂർ: പാൽച്ചുരത്ത് കടുവ വളർത്തുനായയെ അക്രമിച്ചതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. ബുധനാഴ്ച്ച രാത്രിയാണ് പാൽച്ചുരത്ത് പുതിയങ്ങാടി താന്നുവേലിൽ സിജുവിന്റെ വളർത്തുനായയെ കടുവ ആക്രമിച്ചതായി നാട്ടുകാർ പറയുന്നത്. തുടർന്ന് വനം വകുപ്പിൽ വിവരമറിയിക്കുകയും കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് പി. മഹേഷ്, റേഞ്ചർ സുധീർ നാരോത്ത് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
ഇതിനു മുന്പും ഇവിടെ കടുവയുടെ സാന്നിധ്യം ഉണ്ടായതായി പറയുന്നു. അക്രമത്തിൽ പരിക്കേറ്റ വളർത്തുനായയ്ക്ക് ചികിത്സ നൽകാൻ വനംവകുപ്പ് തയാറായില്ലെന്ന് വീട്ടുകാർ ആരോപിച്ചു. നായയെ തങ്ങളുടെ സംരക്ഷണത്തിൽ ചികിത്സിക്കാൻ സാധ്യമല്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കമായി.
പ്രദേശത്ത് കുറെ നാളുകളായി കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടെന്നും പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
ഇതേതുടർന്നാണ് കൊട്ടിയൂർ കണ്ടപ്പുനത്തുള്ള വനം വകുപ്പ് ഒഫീസിലേക്ക് നാട്ടുകാർ നായയുമായി എത്തിയത്. പോലീസും സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. തുടർന്ന് നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പ്രദേശത്ത് കാമറ സ്ഥാപിക്കാനും പട്രോളിംഗ് നടത്താനും തീരുമാനിച്ചതായി കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് പി. മഹേഷ് അറിയിച്ചു.