27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പൊതുമേഖല : കേന്ദ്ര മാതൃകയിൽ ശമ്പള പരിഷ്‌കരണം ; വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട്
Kerala

പൊതുമേഖല : കേന്ദ്ര മാതൃകയിൽ ശമ്പള പരിഷ്‌കരണം ; വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ കേന്ദ്ര പൊതുമേഖലാ മാതൃകയിൽ ശമ്പള പരിഷ്‌കരണം ഉറപ്പാക്കും. ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്‌റ്റാഫ്‌ ജീവനക്കാർക്ക്‌ ശമ്പള, വേതന ഘടനയ്ക്ക് പൊതുചട്ടക്കൂട് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. കെഎസ്‌ഇബി, കേരള വാട്ടർ അതോറിറ്റി, കെഎസ്‌ആർടിസി എന്നിവ ഒഴികെ തൊണ്ണുറോളം സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ 42,000 സ്‌റ്റാഫ്‌ ജീവനക്കാർക്ക്‌ ഇത്‌ പ്രയോജനപ്പെടും. ഇതേകുറിച്ച്‌ പഠനം നടത്തിയ വിദഗ്ധ സമിതി ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേന്ദ്ര പൊതുമേഖലയിൽ മഹാരത്ന, മിനിരത്‌ന കമ്പനികളിൽ നടപ്പാക്കുന്ന ശമ്പള പരിഷ്‌കരണ രീതിയാണ്‌ കേരളത്തിലും പിന്തുടരുക.

ജീവനക്കാരെ മൂന്നുതരത്തിൽ പരിഗണിച്ചാകും ശമ്പള പരിഷ്‌കരണം. എംഡി /സിഇഒ, ബോർഡ്‌ തലത്തിൽ താഴെയുള്ള എക്‌സിക്യൂട്ടിവുമാർ, സ്‌റ്റാഫ്‌ എന്നിങ്ങനെയാകും തരംതിരിവ്‌. അടിസ്ഥാന ശമ്പളത്തിന്റെ മൂന്നു ശതമാനം വാർഷിക ശമ്പള വർധന ഉറപ്പാക്കും. വീട്ടുവാടക അലവൻസ്‌ (എച്ച്‌ആർഎ) 10 മുതൽ 30 ശതമാനം വരെയായിരിക്കും.

സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ച്‌ വേതന പരിഷ്‌കരണം നടപ്പാക്കുന്ന രീതി തുടരും. ജീവനക്കാരുടെ എണ്ണം, വിറ്റുവരവ്‌, ലാഭം എന്നിവ പരിഗണിച്ചായിരുന്നു നിലവിലെ തരംതിരിവ്‌. മൂല്യവർധന, അറ്റ ആസ്‌തി വർധന, നിക്ഷേപ വർധന തുടങ്ങിയ ഘടകങ്ങളും പരിഗണിക്കുന്ന ഏഴു മാനദണ്ഡവും പ്രവർത്തന മേഖലയും പരിഗണിച്ചായിരിക്കും പുതിയ തരംതിരിവ്‌. നന്നായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കും. സംസ്ഥാന ശമ്പള പരിഷ്‌കരണത്തിന്‌ സമയബന്ധിതമായി ഈ ശമ്പള വർധനവ്‌ ഉറപ്പാക്കും.

ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വർക്കർമാരുടെ ശമ്പള പരിഷ്‌കരണം ഇതിന്റെ ഭാഗമായി വരുന്നില്ല. ഇതിന്‌ നിലവിലുള്ള രീതി തുടരും. റിയാബ്‌ ചെയർമാനായിരുന്ന എൻ ശശിധരൻ നായരുടെ നേതൃത്വത്തിലെ വിദഗ്‌ധ സമിതിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കെഎസ്ഇബി, കെഎസ്ആർടിസി, കേരള വാട്ടർ അതോറിറ്റി എന്നിവയുടെ ശമ്പള, വേതന ഘടന ഏകീകരിക്കുന്നത്‌ പഠിച്ച്‌ നാലുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിദഗ്ധസമിതിയെയും ചുമതലപ്പെടുത്തി.

Related posts

ആ​ശ​ങ്ക​വേ​ണ്ട, ക​രു​ത​ൽ മ​തി; കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കൂ​ടു​ത​ലാ​യും ബാ​ധി​ക്കു​ന്ന​ത് കു​ട്ടി​കളെ

Aswathi Kottiyoor

നെല്ല് സംഭരണത്തിൽ വർധനവ്

Aswathi Kottiyoor

ലോക ടൂറിസം: റഷ്യ പുറത്തേക്ക്

Aswathi Kottiyoor
WordPress Image Lightbox