കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ട്രീ മ്യൂസിയം പച്ചത്തുരുത്ത് വിപുലീകരിക്കുവാൻ ഹരിത കേരളം മിഷൻ മുൻകൈ എടുക്കും. വംശനാശം വന്നു കൊണ്ടിരിക്കുന്ന വിവിധ വൃക്ഷങ്ങളുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാന വളർത്തു കേന്ദ്രമാക്കി കണ്ണൂർ സെൻട്രൽ ജയിലിലെ ട്രീ മ്യൂസിയം പച്ചത്തുരുത്തിനെ മാറ്റുമെന്നും കണ്ണൂർ സെൻട്രൽ ജയിലിൽ നട്ടുവളർത്തുന്ന ട്രീ മ്യൂസിയം സന്ദർശിക്കാനെത്തിയ നവകേരളം കർമ പദ്ധതി സംസ്ഥാന കോ -ഓർഡിനേറ്റർ ഡോ. ടി.എൻ . സീമ അറിയിച്ചു.
സീറോ നെറ്റ് എമിഷൻ ജയിലാക്കി മാറ്റാനുള്ള ജയിലധികൃതരുടെ ഉദ്യമത്തിൽ ഹരിത കേരളം മിഷനും പങ്കാളികളാവും. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ സെൻട്രൽ ജയിലിൽ നട്ടുവളർത്തുന്ന ട്രീ മ്യൂസിയവും സംസ്ഥാനത്ത് തന്നെ ആദ്യത്തേതാണ്. വംശനാശം വന്നു കൊണ്ടിരിക്കുന്ന അപൂർവ വൃക്ഷങ്ങളുടെ ശേഖരമാണ് ട്രീ മ്യൂസിയം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വൃക്ഷതൈകളാണിവിടെ നട്ടുവളർത്തുന്നത്. ഇതോടനുബന്ധിച്ച് കൊക്കം തോട്ടവും നട്ടുവളത്തുന്നുണ്ട്. വൃക്ഷസ്നേഹികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ വൃക്ഷ തൈകൾ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ. സീമ അറിയിച്ചു.ട്രീ മ്യൂസിയത്തിൽ വളരുന്ന ശലഭോദ്യാനം കൂടുതൽ ചെടികൾ നട്ട് വികസിപ്പിക്കുമെന്നും അവർ അറിയിച്ചു. ജയിൽ സൂപ്രണ്ട് ആർ. സാജൻ, .ജോയിന്റ് സൂപ്രണ്ട് അജൂൻ അരവിന്ദ്, ഇ.കെ. സോമശേഖരൻ എന്നിവരും പങ്കെടുത്തു.
previous post