കെഎസ്ആർടിസി 600 എസി ബസുകൾ വാങ്ങുന്നു. സർക്കാർ അനുവദിച്ച പ്ലാൻ ഫണ്ടായ 50 കോടിയും തുടർന്ന് അനുവദിക്കുന്ന പ്ലാൻ ഫണ്ടുകളും ഉപയോഗിച്ചാണ് ബസുകൾ വാങ്ങുന്നത്.
കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾ പഴക്കം ചെന്നതായതിനാൽ, ഇതിനു പകരമായാണ് പുതിയ ബസുകൾ വാങ്ങുന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. പുതിയ ബസുകൾ എത്തുന്നതോടെ ഇത് കെ-സ്വിഫ്റ്റിന് കൈമാറാനും കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളുടെ പെർമിറ്റ് ഇതിന് വിട്ടു കൊടുക്കാനുമാണ് നീക്കം.
പുതിയ ബസുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ കഴിഞ്ഞ 25ന് പൂർത്തിയായി. ബിഡ് നമ്പർ 13047 48 ആയ ടാറ്റയുടെയും ബിഡ് നമ്പർ 130 6179 ആയ ലൈലാൻഡിന്റെയും ടെൻഡറുകളാണ് അംഗീകരിച്ചത്.
ഫുള്ളി എയർകണ്ടീഷൻ, എയർ സസ്പെൻഷൻ, ഫുൾ ബോഡി ബസുകളാണ് വാങ്ങുന്നത്. ബിഎസ്- VI മോഡലായിരിക്കണം. സർക്കാർ പണം ലഭ്യമാകുന്ന മുറയ്ക്ക് ബസുകൾ വാങ്ങാനാണ് പദ്ധതി.