മുംബൈ: ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ മൂന്നാം ദിവസവും വിപണിയെ ബാധിച്ചു. നിഫ്റ്റി 17,400നു താഴെയെത്തി. സെന്‍സെക്‌സ് 361 പോയന്റ് നഷ്ടത്തില്‍ 58,412ലും നിഫ്റ്റി 114 പോയന്റ് താഴ്ന്ന് 17,376ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന സംബന്ധിച്ച് നേരത്തയുണ്ടായിരുന്ന അനുമാനത്തില്‍ പെട്ടെന്ന് മാറ്റംവന്നതാണ് വിപണിയെ കീഴ്‌മേല്‍ മറിച്ചത്.
മ്യച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍വിറ്റ് ലാഭമെടുത്തതും വിപണിയെ സമ്മര്‍ദത്തിലാക്കി. രണ്ടുമാസത്തിനുള്ളില്‍ സൂചികകള്‍ 18ശതമാനം ഉയര്‍ന്നപ്പോഴുണ്ടായ ലാഭമെടുപ്പാണ് കണ്ടത്.
വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, മെറ്റല്‍ എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍.