മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. 22ന് വോട്ടെണ്ണും. സ്ഥാനാർഥികളെ ആനയിച്ച് റോഡ് ഷോയും പ്രകടനവും നടത്തിയാണ് എൽഡിഎഫും യുഡിഎഫും പ്രചാരണം അവസാനിപ്പിച്ചത്. പ്രമുഖ നേതാക്കൾ നേതൃത്വം നൽകി. നഗരത്തോടു ചേർന്നുള്ള വാർഡുകളിലെ കലാശക്കൊട്ട് നഗരത്തിലാണ് നടത്തിയത്.
ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന എൽഡിഎഫ് പ്രചാരണത്തിന്റെ സമാപനം പി.വി. അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.പുരുഷോത്തമൻ, പി.വി.ഗോവി നാഥ്, സി.വി.ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. യുഡിഎഫ് പ്രചാരണ സമാപനം ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സതീശൻ പാച്ചേനി, മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി തുടങ്ങിയവർ പ്രസംഗിച്ചു. ബിജെപിയുടെ കൊട്ടിക്കലാശം ഉണ്ടായിരുന്നില്ല.
നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 35 പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ ഇന്നു രാവിലെ പത്തുമുതൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് സെക്ടറൽ ഓഫീസർമാർ ഏറ്റുവാങ്ങി പ്രത്യേകം വാഹനങ്ങളിൽ ബൂത്തുകളിൽ എത്തിക്കും. ഒരു സെക്ടറൽ ഓഫീസർക്ക് അഞ്ച് ബൂത്തുകളുടെ ചുമതലയുണ്ടാകും.
പോളിംഗ് ഉദ്യോഗസ്ഥർ ഇന്ന് ഉച്ചയ്ക്ക് 12 ഓടെ നേരിട്ട് പോളിംഗ് സ്റ്റേഷനുകളിൽ എത്തുകയാണ് ചെയ്യുക. റിസർവ് ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിലെത്തും.
ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ചുപേരുണ്ടാകും. 175 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇതിനുപുറമെയാണ് റിസർവ് ഉദ്യോഗസ്ഥർ. 22ന് രാവിലെ പത്തു മുതലാണ് വോട്ടെണ്ണൽ.
നാളെ പ്രാദേശിക അവധി
മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ നാളെ നഗരസഭാ പരിധിയിലെ മുഴുവൻ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു.
ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന് കീഴിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ നാളെ വേതനത്തോടു കൂടിയുള്ള അവധി പ്രഖ്യാപിക്കുന്നുവെന്ന് ലേബർ കമ്മീഷണർ ഉറപ്പാക്കണം. നഗരസഭയിലെ വോട്ടറും നഗരസഭയ്ക്കു പുറത്ത് ജോലി ചെയ്യുന്നവരുമായ കാഷ്വൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും വേതനത്തോടെയുള്ള അവധി നൽകേണ്ടതാണ്.
പോളിംഗ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിന് ഇന്നുമുതൽ 22 വരെയും പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ഡ്രൈഡേ
മട്ടന്നൂർ: ഇന്നും നാളെയും 22നും മട്ടന്നൂർ നഗരസഭാ പരിധിയിലെ എല്ലാ മദ്യഷാപ്പുകൾക്കും ഡ്രൈഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.