പത്തനംതിട്ട: തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ച കേസില്‍ ആംബുലൻസ് ഡ്രൈവർക്കും ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ. മരിച്ച രാജന്റെ മകൻ ഗിരീഷാണ് രംഗത്തെത്തിയത്. ഓക്സിജന്‍ തീര്‍ന്ന കാര്യം അറിയിച്ചപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ മാസ്ക് മാറ്റാന്‍ ആവശ്യപ്പെട്ടെന്നും തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തയാറായില്ലെന്നും ഗിരീഷ് പറഞ്ഞു. പനി ബാധിതനായിരുന്ന തിരുവല്ല സ്വദേശി രാജന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലാണ് രാജനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. ‘അച്ഛന് കടുത്ത ശ്വാസംമുട്ടല്‍ കാരണം കാഷ്വാലിറ്റിയില്‍ വച്ച് ഓക്സിജന്‍ നല്‍കിയിരുന്നു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരനും ചേര്‍ന്ന് അപ്പോഴുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ മാറ്റി മറ്റൊന്ന് ഘടിപ്പിച്ചു.
മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ത്തന്നെ മാറ്റിവച്ച സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നു. ഇതറിയിച്ചപ്പോള്‍ മാസ്ക് മാറ്റാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. അച്ഛന് ശ്വാസംമുട്ടല്‍ കൂടി അവശനാകുന്നത് കണ്ടപ്പോള്‍ തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡ്രൈവറോട് പറഞ്ഞു. എന്നാല്‍ ഇതിന് തയാറാകാതെ നേരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്നു.
എന്റെ മടിയിൽ കിടന്നാണ് അച്ഛൻ മരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ഡ്രൈവര്‍ കടന്നുകളഞ്ഞു. ’–ഗിരീഷ് പറഞ്ഞു. ഗുരുതരവീഴ്ചയ്ക്കെതിരെ പൊലീസിലും ആരോഗ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.