• Home
  • Pathanamthitta
  • ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി; അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍.
Pathanamthitta

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി; അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍.

വള്ളിക്കോട്: അശാസ്ത്രീയമായി നിര്‍മിച്ച റോഡില്‍നിന്ന് ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി. വള്ളിക്കോട് അഞ്ചാം വാര്‍ഡ് തെക്കേടത്ത് വീട്ടില്‍ യദുകൃഷ്ണനാണ് (29) പരിക്കേറ്റത്. ഇദ്ദേഹം അതീവഗുരുതരാവസ്ഥയില്‍ സ്വകാര്യമെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോന്നി-ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് തിയേറ്റര്‍ ജങ്ഷനടുത്ത് ഞായറാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം.

യദു ക്ഷേത്രത്തില്‍ പോയി മടങ്ങുംവഴി എതിരേവന്ന വാഹനത്തിന് സൈഡ്‌കൊടുത്തു. കൊരുപ്പുകട്ട പാകിയ റോഡിലെ കട്ടകള്‍ ഇളകിക്കിടക്കുന്നതിനാല്‍ ബൈക്ക് നിയന്ത്രണംവിട്ട് വശത്തെ ഓടയിലേക്കാണ് മറിഞ്ഞത്. ഓടയ്ക്ക് മൂടിയില്ലായിരുന്നു. സമീപം കിടന്ന പഴയ സ്ലാബിന്റെ കമ്പിയാണ് യദുവിന്റെ തലയിലേക്ക് തുളച്ചുകയറിയത്.

ആദ്യം പത്തനംതിട്ടയിലെയും കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലയ്ക്ക് ശസ്ത്രക്രിയനടത്തി. രണ്ടു വര്‍ഷം മുന്‍പ് കോവിഡ് സമയത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ യദു വിസ ശരിയായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് അപകടം.

മാവുങ്കല്‍ എന്ന കമ്പനിയാണ് ആറ് കോടി രൂപയ്ക്ക് കോന്നി-ചന്ദനപ്പള്ളി റോഡിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം അടുത്തിടെ കണ്ടെത്തിയിരുന്നു. ഓടയുടെ നിര്‍മാണവും എങ്ങുമെത്തിയില്ല. ഒരിടത്തും മൂടി ഇട്ടിട്ടില്ല. പൊട്ടിക്കിടക്കുന്നപഴയസ്ലാബുകള്‍ പോലും മാറ്റിയിട്ടുമില്ല.

കോന്നി സെക്ഷനിലെ എന്‍ജിനീയറെ വിളിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കരാറുകാരനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണം ലഭിച്ചില്ലെന്നും പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

Related posts

കാനറാ ബാങ്കിൽ 8.13 കോടി രൂപയുടെ തട്ടിപ്പ്

Aswathi Kottiyoor

3 കി.മീ പിന്നിട്ടപ്പോൾ ഓക്സിജന്‍ തീര്‍ന്നു; അച്ഛന്‍ പിടഞ്ഞുമരിച്ചത് എന്റെ മടിയില്‍’.

Aswathi Kottiyoor
WordPress Image Lightbox