ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. പാരാ പവർലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ സുധീറാണ് സ്വർണം സ്വന്തമാക്കിയത്. 134.5 പോയിന്റുമായി സ്വർണം നേടിയ സുധീർ, കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും സ്വന്തം പേരിലാക്കി. ബർമിങ്ങാമിൽ പാരാ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവുമാണ് ഈ ഇരുപത്തേഴുകാരന്റേത്. നൈജീരിയൻ താരം ഇകേചുക്‌വു ക്രിസ്റ്റ്യൻ ഒബിചുക്‌വു വെള്ളിയും മിക്കി യുലേ വെങ്കലവും നേടി. നേരത്തെ, നിരാശ നിറഞ്ഞ ആദ്യ 4 അവസരങ്ങൾക്കുശേഷം ഒരൊറ്റച്ചാട്ടത്തിലൂടെ മലയാളി താരം എം. ശ്രീശങ്കറും ഇന്ത്യൻ കായിക പ്രേമികളുടെ പ്രതീക്ഷ കാത്തു. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലിലെ അഞ്ചാം ഊഴത്തിൽ 8.08 മീറ്റർ പിന്നിട്ട ശ്രീശങ്കർ വെള്ളി നേടി. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ പുരുഷ ലോങ്ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ശ്രീശങ്കറിനു സ്വന്തം.
സ്വർണം നേടിയ ബഹാമാസിന്റെ ലാക്വാൻ നയിനും 8.08 മീറ്റർ ദൂരം മാത്രമാണ് ചാടിയത്. പക്ഷേ ശ്രീശങ്കറിനെക്കാൾ കുറഞ്ഞ അവസരത്തിൽ ഈ ദൂരം മറികടന്നതിനാൽ സ്വർണം നേടി. ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെൻ വെങ്കലം (8.06 മീറ്റർ) നേടി. ഫൈനലിൽ മത്സരിച്ച മറ്റൊരു മലയാളി അത്‌ലീറ്റ് വൈ. മുഹമ്മദ് അനീസ് 7.97 മീറ്റർ ചാടി 5–ാം സ്ഥാനത്തെത്തി.
∙ അഭിനന്ദിച്ച് മോദി
പാരാ പവർലിഫ്റ്റിങ്ങിൽ സ്വർണവും ലോങ്ജംപിൽ വെള്ളിയും നേടിയ സുധീറിനെയും ശ്രീശങ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്ഥിരതയോടെ ഉജ്വല പ്രകടനം പുറത്തെടുക്കുന്ന താരമാണ് സുധീറെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ശ്രീശങ്കറിന്റെ വെള്ളിമെഡൽ വളരെ സ്പെഷലായ ഒന്നാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപിൽ പതിറ്റാണ്ടുകൾക്കു ശേഷമാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. ഇന്ത്യൻ അത്‍ലറ്റിക്സിന്റെ ഭാവിക്ക് ഒരു ശുഭ പ്രതീക്ഷയാണ് ശ്രീശങ്കർ. ഇനിയും കൂടുതൽ മുന്നേറാൻ ശ്രീശങ്കറിനു കഴിയട്ടെയെന്നും മോദി കുറിച്ചു.