‘ഷാജിയുടെ വാഹനം വര്‍ക്ക് ഷോപ്പിലായതോടെയാണ് സുഹൃത്തിന്റെ വാഹനം വാങ്ങിയത്, നിര്‍ഭാഗ്യവശാൽ അല്‍പം വിലകൂടിപ്പോയി’

ന്യൂഡല്‍ഹി: ആഢംബര കാര്‍ റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ മന്ത്രി കെ എം ഷാജിയെ ന്യായീകരിച്ച് മുസ്ലിം ലീഗ്. പശു ചത്താലും മോരിലെ പുളി പോകില്ലായെന്ന് പറയുന്നതുപോലെ ഒരു ദിവസം മാത്രമുണ്ടായ കാര്യത്തിന് ഇത്രമാത്രം ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ചോദിച്ചു. കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലാവുകയും വര്‍ക്ക് ഷോപ്പില്‍ കൊടുക്കുകയും ചെയ്തതോടെ താല്‍ക്കാലികമായി മണ്ഡലത്തില്‍ സഞ്ചരിക്കാനായിരുന്നു സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചത്. നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടിയായിപ്പോയി എന്നതാണ് കുറ്റം. ഷാജിയുടെ വണ്ടി തിരിച്ചുകിട്ടിപ്പോള്‍ തന്നെ മറ്റേ വാഹനം തിരിച്ചുകൊടുക്കുകയും ചെയ്തു. അതോടെ വിവാദം അവസാനിച്ചു. ഒരു ദിവസമല്ലല്ലോ കെ എം ഷാജി മന്ത്രിയായതെന്നുമായിരുന്നു പിഎംഎ സലാമിന്റെ ന്യായീകരണം.
ഔദ്യോഗിക പദവി വ്യക്തമാക്കുന്ന ‘കേരള സ്റ്റേറ്റ് 13’ എന്ന ബോര്‍ഡും ദേശീയ ചിഹ്നവും കാറില്‍ ഉപയോഗിച്ച് ചട്ടലംഘനമല്ലേയെന്ന ചോദ്യത്തോട് അങ്ങനെയൊന്നുമല്ലെന്നായിരുന്നു പിഎംഎ സലാമിന്റെ മറുപടി. കെ എം ഷാജി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ മാത്രമാണ് ഒരുപകല്‍ വാഹനം ഉപയോഗിച്ചത്. തിരിച്ചുകൊടുത്തതോടെ വിവാദം അവസാനിച്ചു. എത്രമാത്രം പ്രസക്തമായ വിഷയങ്ങള്‍ ഉള്ളപ്പോള്‍ ഇതുമാത്രം എന്തിനാണ് കത്തിജ്വലിച്ചുനില്‍ക്കുന്നതെന്നും പിഎംഎ സലാം ചോദിച്ചു.
എല്‍ഡിഎഫിന്റെ വിമര്‍ശനം ജനം സ്വീകരിച്ചോ ഇല്ലയോ എന്ന് നമുക്ക് അറിയാല്ലോയെന്നും അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമല്ലേയെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പിഎംഎ സലാം മറുപടി നല്‍കി. പത്ത് കൊല്ലം പിണറായി വിജയന്റെ ഭരണകാലത്ത് 17 തവണ പരിചാരകന്മാരേയും ബന്ധുക്കളേയും കൂട്ടി അദ്ദേഹം വിദേശപര്യടനം നടത്തിയിട്ടുണ്ട്. കേരളത്തില്‍ വികസനം കൊണ്ടുവരാനാണ് എന്നാണ് ചോദിച്ചപ്പോള്‍ നിയമസഭയില്‍ ഇതിന് മറുപടി പറഞ്ഞത്. കോടിക്കണക്കിന് രൂപ ഖജനാവില്‍ നിന്നും ഇതിനായി ചെലവഴിച്ചിട്ടുണ്ട്. ആ മാതൃക യുഡിഎഫ് പിന്‍പറ്റില്ലായെന്നും പിഎംഎ സലാം പറഞ്ഞു. യുഡിഎഫ് മന്ത്രിമാരുടെ വിദേശപര്യടനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ആയിരുന്നു പ്രതികരണം.
‘സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപ പോലും ചെലവ് വരുത്തിയിട്ട് മന്ത്രിമാര്‍ വിദേശയാത്ര നടത്തിയിട്ടില്ല. കാര്യങ്ങള്‍ ജനത്തിന് അറിയാം. സിപിഐഎം എന്ന പാര്‍ട്ടി എവിടെയാണ്. വിശാല യോഗം ആണെങ്കിലും വിനാശകാല യോഗം ആണെങ്കിലും പാര്‍ട്ടി എവിടെയാണ് എത്തിനില്‍ക്കുന്നത്. എല്‍ഡിഎഫ് എന്ന് പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കേണ്ടതില്ല’, പിഎംഎ സലാം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ട വിവാദത്തോടും പിഎംഎ സലാം പ്രതികരിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ഒരു കാര്യത്തിനും ഉപയോഗിക്കാതെ വര്‍ഷങ്ങളോളം ഹെലികോപ്റ്ററിന് വാടക കൊടുത്തില്ലേ. അത്യാവശ്യത്തിന് ഉപയോഗിക്കാമെന്ന് ഈ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ എന്താണ് കുഴപ്പം എന്നും പിഎംഎ സലാം ചോദിച്ചു. സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ അന്വേഷണത്തില്‍ ഒരു ലൂപ്‌ഹോളും ഇല്ലാതെ കൃത്യമായി അന്വേഷണം നടക്കണം. ഇ ഡി ശരിയാണെന്ന് പറയുന്നില്ല. അന്വേഷണ ഏജന്‍സി ആയതിനാല്‍ തന്നെ റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാതെ അന്വേഷിക്കുകയാണ് എന്നും പിഎംഎ സലാം പറഞ്ഞു.




