തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങി; ഇന്ന് വൈകിട്ട് നാലിന് നട തുറക്കും, മേല്‍ശാന്തിമാർ ഇന്ന് ചുമതലയേല്‍ക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറച്ച് വൈകിട്ട് നാല് മണിക്ക് ശബരിമല നട തുറക്കും. പുതിയ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാർ ചുമതലയേല്‍ക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. മാറ്റങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങി. മേല്‍ശാന്തി ഇഡി പ്രസാദ് നന്പൂതിരി വൈകിട്ട് നാലിന് നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
ആഴിയില്‍ അഗ്നി പകർന്ന ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നന്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി എ ദമോദരൻ നന്പൂതിരിയേയും സോപാനത്തേക്ക് ആനയിക്കും. തീർഥാടനം തുടങ്ങാനിരിക്കെ പന്പയില് സംഘടിതമായി ജലവിതരണം തടസ്സപ്പെടുത്തിയത് കണ്ടെത്തിയതിനാല്‍ എല്ലായിടത്തും ജാഗ്രത വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരാർ കിട്ടാത്തവരുടെ പ്രതികാര നടപടിയെന്നും മാറ്റങ്ങളെ തകർക്കാനാണ് ശ്രമമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു.
ശുചിമുറിയിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ദേവസ്വം ബോർഡ് ഗാർഡുമാരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം പന്പയിലെ ശുചിമുറികളുടെ ക്ലീനിങ് ടെൻഡർ ഇതുവരെ ആയില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വൃത്തിയായി സൂക്ഷിക്കണമെന്ന് നിർദേശം നല്‍കിയിരുന്നു. ടെൻഡർ ആകാത്തതിനാല്‍ ദേവസ്വം ജീവനക്കാരെയാണ് ശുചിമുറി വൃത്തിയാക്കാൻ നിയോഗിച്ചിരിക്കുന്നത്. സുരക്ഷിതയാത്ര ഒരുക്കാനുള്ള മോട്ടോർ വാഹനപദ്ധതിയായ സേഫ് സോണ്‍ പദ്ധതിയും ഫണ്ട് കിട്ടാത്തിനാല്‍ അനിശ്ചിത്വത്തിലാണ്. സുരക്ഷക്കായി 5000 പൊലീസുകാരെയാണ് ഒരേ സമയം ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. മിനിറ്റില്‍ 75 തീർത്ഥാടകരെ പതിനെട്ടാം പടി കയറ്റാൻ ശ്രമിക്കും വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്ന് മണിക്ക് നട തുറക്കും. പുതിയ മേല്‍ശാന്തിമാർ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിക്കും.




