Uncategorized

പാലത്തായി പോക്സോ കേസ്: പ്രതി പത്മരാജന് സുപ്രീംകോടതി നോട്ടീസ്; അതിജീവിതയുടെ അമ്മ നൽകിയ ഹർജിയിൽ നോട്ടീസ്

ദില്ലി: പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് നോട്ടീസ് നൽകി സുപ്രീം കോടതി. പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. 2020-ലാണ് പാലത്തായിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകനായിരുന്ന പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. 2025 നവംബറിൽ തലശ്ശേരി അതിവേഗ പ്രത്യേക കോടതി പത്മരാജനെ കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം തെളിഞ്ഞതായി നിരീക്ഷിച്ച വിചാരണക്കോടതി വിവിധ വകുപ്പുകൾ പ്രകാരം തടവുശിക്ഷയും പിഴയും വിധിച്ചു.

എന്നാൽ, വിചാരണക്കോടതിയുടെ വിധിക്കെതിരെ പത്മരാജൻ നൽകിയ അപ്പീൽ പരിഗണിച്ച കേരള ഹൈക്കോടതി 2026 ഓഗസ്റ്റ് 21-ന് ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷ മരവിപ്പിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് അമ്മ സമർപ്പിച്ച ഹർജിയിലെ വാദം. ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് ഹർജിക്കാരിക്കായി ഹാജരായത്.‍ ബിജെപി പ്രാദേശിക നേതാവായിരുന്നു പ്രതിയായ പത്മരാജൻ. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ മർസൂഖ് ബാഫഖി തങ്ങൾ, അഭിഭാഷകരായ റിസ്‌വി മുഹമ്മദ്, വൈശാഖ് എസ്. എന്നിവരും, പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ഹാരിസ് ബീരാൻ, അസർ അസീസ്, റിസ്‌വാന ആർ. രാജ് എന്നിവരും ഹാജരായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button