Uncategorized

കൽപ്പാത്തിയിൽ ദേവരഥ സംഗമം വൈകീട്ട്; ഭക്തിസാന്ദ്രമായി അഗ്രഹാര വീഥികൾ

പാലക്കാട്: കൽപ്പാത്തിയിലെ വീഥികളിൽ ദേവരഥ സംഗമത്തിന് സാക്ഷിയാകാൻ വൻ ഭക്തജനപ്രവാഹം. ആദ്യഘട്ട രഥപ്രയാണം പൂർത്തിയാക്കി ആറ് രഥങ്ങളും സംഗമത്തിനായി സജ്ജമായി. ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങൾ സംഗമിക്കുന്ന അപൂർവ്വ കാഴ്ചയാണ് ഏവരും കാത്തിരിക്കുന്നത്. വിശ്വാസവും ആഘോഷവും ഒന്നിക്കുന്ന കൽപ്പാത്തിയുടെ മഹാദേവരഥ സംഗമത്തിന് ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്.

വിശാലാക്ഷി സമേത വിശ്വനാഥനും ഗണപതിയും, വള്ളി ദൈവാന സമേത സുബ്രഹ്മണ്യനും, പുതിയ കൽപാത്തി മന്ദക്കര മഹാഗണപതിയും, പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാളും, ചാത്തപുരം പ്രസന്ന മഹാഗണപതിയും ഇന്ന് തേരിലേറി അഗ്രഹാരങ്ങളിലെത്തും. ഒരാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് ത്രിസന്ധ്യയ്ക്ക് ക്ഷിപ്രപ്രസാദ ഗണപതി ക്ഷേത്രത്തിന് മുന്നിൽ തേരുമുട്ടിക്ക് സമീപത്താണ് ഭക്തിസാന്ദ്രമായ ഈ ദേവരഥ സംഗമം അരങ്ങേറുന്നത്. കാഴ്ചക്കാരുടെ കണ്ണിലും മനസ്സിലും അടുത്ത ഒരാണ്ടിലേക്ക് നിറഞ്ഞുനിൽക്കുന്ന അപൂർവ ദൃശ്യവിരുന്നായിരിക്കും തേരുമുട്ടിയിലെ ഈ മഹാസംഗമം.പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രഥാരോഹണം നടന്നിരുന്നു. വിഗ്രഹങ്ങൾ രഥത്തിലേറ്റിയ ശേഷം വൈകിട്ട് നാലിന് ഗ്രാമപ്രദക്ഷിണം ആരംഭിക്കും. ഇതോടെ കൽപാത്തിയിലെ അഗ്രഹാര ഗ്രാമങ്ങൾ ദേവരഥ സംഗമത്തിലേക്കുള്ള ഭക്തിനിർഭരമായ പ്രയാണത്തിലാകും. ഈ തേരുകൾ പുതിയ കൽപ്പാത്തി ഗ്രാമത്തിൽ ചെന്ന് സന്ധ്യയോടെ തേരുമുട്ടിക്ക് സമീപമെത്തും. അതിനിടെ മന്ദക്കര മഹാഗണപതിയുടെ തേര് ഇവിടെ നിന്ന് തിരിച്ചെഴുന്നള്ളും.

ഇന്നലെ പഴയ കൽപ്പാത്തിയിൽ പ്രദക്ഷിണം അവസാനിപ്പിച്ച മൂന്ന് തേരുകൾ അവിടെനിന്ന് പുറപ്പെട്ട് സന്ധ്യയോടെ തേരുമുട്ടിയിൽ എത്തുമ്പോൾ അത് ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമമായി മാറും. ഇവിടെ അലങ്കരിച്ച ദേവരഥങ്ങൾ മാത്രമല്ല, ദേവന്മാരും ഭക്തജനങ്ങളും കൂടിയാണ് ഭക്തിയോടെ ഒന്നിച്ചു സംഗമിക്കുന്നത്. ഇന്ന് തുലാം മാസം പടിയിറങ്ങുമ്പോൾ ദേവരഥ ദർശനങ്ങളുടെ സുകൃതവും പുണ്യവും നിറഞ്ഞ മനസ്സോടെയാണ് ഭക്തർ കൽപ്പാത്തിയിൽ നിന്ന് പടിയിറങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button