അമ്പായത്തോട് – ബോയ്സ്ടൗൺ ചുരം റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കാത്തിരിപ്പുകൾക്കൊടുവിൽ അമ്പായത്തോട് ബോയ്സ്ടൗൺ ചുരം റോഡ് നവീകരണ പ്രവർത്തികൾക്ക് തുടക്കമായി. റോഡ് വികസനത്തിന്റെ ഭാഗമായി ഇരുവശങ്ങളിൽ നിന്നും വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികളാണ് അമ്പായത്തോട് നിന്നും ആരംഭിച്ചിരിക്കുന്നത്. നിലവിൽ അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ വീടുകളുടെ മതിലുകൾ ഉൾപ്പെടെ പൊളിച്ചാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്. പൂർണ്ണമായും സൗജന്യമായാണ് ഉടമകൾ റോഡിനായി ഭൂമി വിട്ടു നൽകിയിരിക്കുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി 0.46 ഹെക്ടർ വനഭൂമിയും ഏറ്റെടുത്തിട്ടുണ്ട്.
കിഫ്ബിയിൽ നിന്നും അനുവദിച്ച 41.50 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം നടപ്പിലാക്കുന്നത്. 5.76 കിലോമീറ്റർ ദൂരമുള്ള റോഡ് 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. നിലവിൽ 5.5 മീറ്റർ ഉള്ള ടാറിംഗ് വീതി 9 മീറ്റർ ആയി ഉയർത്തും. 18 മാസമാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനുള്ള കാലാവധി. ഓരോ കിലോമീറ്റർ വീതമുള്ള റീച്ചുകളായാണ് റോഡ് പണി പൂർത്തിയാക്കുക.
നിർമ്മാണ സ്ഥലത്തെത്തി അധികൃതർ പ്രവർത്തനങ്ങൾ വിലയിരുത്തി. കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് എഞ്ചിനീയർ ആതിര, സൈറ്റ് എഞ്ചിനീയർ പ്രസൂൺ, നിർമ്മാണ ചുമതലയുള്ള ജാസ്മിൻ കമ്പനി പ്രൊജക്ട് മാനേജർ ഷിഹാൻ, കൊട്ടിയൂർ പഞ്ചായത്ത് അംഗങ്ങളായ ബിനു പടിയാനിക്കൽ, ബിന്ദു കൊച്ചുപൂവത്തുംമൂട്ടിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ യന്ത്ര സാമഗ്രികളും തൊഴിലാളികളും എത്തിച്ച് പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു. നിർമ്മാണ വേളയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് കെആർഎഫ്ബിയുടെ തീരുമാനം



