Uncategorized

‘പുറത്ത് നിന്നവർ മഴ കാരണം അകത്ത് കയറി’; പുനലൂർ ആശുപത്രിയിലെ കൊടിപിടിച്ചുള്ള അഭിവാദ്യത്തെ ന്യായീകരിച്ച് മന്ത്രി

തിരുവനന്തപുരം: പുനലൂര്‍ ആശുപത്രിയില്‍ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ കൊടിപിടിച്ചുള്ള അഭിവാദ്യത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. താന്‍ വന്നപ്പോള്‍ സ്വീകരണം ഉണ്ടായില്ലെന്നും തിരിച്ച് പോകുമ്പോഴാണ് സ്വീകരണം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. പുറത്ത് നിന്നവര്‍ മഴ കാരണം അകത്തേക്ക് കയറിയതാണെന്നും മേലാല്‍ ഇങ്ങനെ ചെയ്യരുതെന്ന് സൂപ്രണ്ടിനോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസക്യാമ്പുകളില്‍ മരുന്ന് എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മരുന്നില്ലെന്ന് ചിലര്‍ വെറുതെ അടിച്ചു വിടുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. നെഗറ്റീവ് വാര്‍ത്തയ്ക്ക് ഒപ്പം പോസിറ്റീവ് കൂടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി ആരോഗ്യ സ്‌കീം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.’ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി. പദ്ധതിയെക്കുറിച്ച് ചില മുന്‍വിധികള്‍ ഉണ്ട്. സ്വകാര്യ മേഖലയ്ക്ക് എന്ന മുന്‍വിധികള്‍ ഒന്നും പാടില്ല. കെഎസ്ആര്‍ടിസിയെ കുറിച്ച് മുന്‍പ് പല പ്രവചനങ്ങള്‍ നടത്തി. ആ പ്രവചനങ്ങള്‍ എല്ലാം ഇന്ന് തെറ്റായി’, കെ മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍ജിഒ അസോസിയേഷന്‍ മന്ത്രിയെ ആശുപത്രിക്കുള്ളില്‍ എത്തി അഭിവാദ്യം ചെയ്ത ദൃശ്യങ്ങള്‍ വിവാദമായിരുന്നു. ആശുപത്രികള്‍ക്കുള്ളില്‍ കൊടിപിടിച്ച് രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച കെ മുരളീധരന്‍ ഇത് എതിര്‍ക്കാതെ സന്തോഷപൂര്‍വം നേതാക്കള്‍ അണിയിച്ച ഷാള്‍ ഏറ്റുവാങ്ങുകയും പ്രവര്‍ത്തകരുമായി സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button