രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ കളമശ്ശേരി എച്ച്എംടി കാട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കളമശ്ശേരി സീപോർട്ട്- എയർപോർട്ട് റോഡിന് സമീപം എച്ച്എംടി കാട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കളമശ്ശേരി കുടിലിൽ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നെയ്‌വേലി സ്വദേശി അണ്ണാദുരെയുടെ മകൻ അരുൺരാജിന്റെ (28) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. ദേഹത്ത് മുറിവുകളുള്ളതിനാൽ കൊലപാതകമാണോയെന്നും സംശയിക്കുന്നു. അരുൺരാജിനെ രണ്ട് ദിവസം മുൻപാണ് കാണാതായത്. വിളിക്കുമ്പോഴെല്ലാം ഫോൺ റിങ് ചെയ്തിരുന്നുവെങ്കിലും മറുപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടിൽ പോയതായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ വൈകുന്നേരം അരുൺരാജിന്റെ മൊബൈൽ ഫോൺ ഒരാൾ എത്തിച്ച് നൽകിയതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാടിനുള്ളിൽ കണ്ടെത്തിയത്. ഫോൺ എത്തിച്ച് നൽകിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതശരീരം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




