പിണറായിക്കെതിരായ ലേഖനം: ‘സിപിഐ അധികാരത്തിനു വേണ്ടി ആശയം മാറ്റുന്ന സ്ഥിതി’; കടുപ്പിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തിനിടെ പിണറായി വിജയനെതിരെ സിപിഐ മുഖപത്രം ജനയുഗത്തില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മോക്കേരി എഴുതുയ ലേഖനത്തിനെതിരെ പ്രതികരണവുമായി വി ശിവന്‍കുട്ടി രംഗത്ത്. ജനയുഗത്തിലെ ലേഖനം ശ്രദ്ധയില്‍പെട്ടെന്നും ഇതൊരു പിടിവാശി മാത്രമാണെന്നുമായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. പിണറായി സ്വീകരിച്ച നിലപാട് ജനാധിപത്യപരമാണ്. പ്രായോഗിക രാഷ്ട്രീയ സാഹചര്യം വച്ചു കൊണ്ടാണ് ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ ലേഖനത്തിലൂടെ രാഷ്ട്രീയ മര്യാദ ലംഘിച്ചെന്നും പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന സമീപനമാണ് അതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
മുന്നണിയിലെ വിഷയങ്ങള്‍ പത്രങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. ഉപനേതാവ് പദവി ലഭിക്കാത്തതില്‍ സിപിഐ നടത്തുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. അഭിപ്രായപ്രകടനം രാഷ്ട്രീയ മര്യാദയ്ക്കു യോജിക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭ ഉപനേതാവ് സ്ഥാനം നേരത്തെ മുതല്‍ വഹിക്കുന്നത് സിപിഐഎം ആണ്. സിപിഐക്ക് ഉള്ള മന്ത്രിസ്ഥാനം വേറെ ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ച അദ്ദേഹം മുന്നണി നിയമങ്ങള്‍ പാലിച്ചു കൊണ്ടുള്ള കാര്യമാണ് പിണറായി വിജയന്‍ പറഞ്ഞത് എന്നും ചൂണ്ടിക്കാട്ടി.




